ആൾദൈവം ഏഴ് വയസ്സുകാരിയെ ചുംബിച്ചു; പരാതിയില്ലെന്ന് മാതാപിതാക്കൾ, പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

കൗണ്‍സിലിംഗിന് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

New Update
Untitled

യാദ്ഗിര്‍: കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ഏഴ് വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Advertisment

ഷഹാപൂരിലെ ആശ്രമത്തിലെ മല്ലികാര്‍ജുന മുത്തവ്വ എന്ന ആള്‍ദൈവമാണ് പെണ്‍കുട്ടിയെ മടിയിലിരുത്തി ചുംബിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.


ആള്‍ദൈവത്തിന്റെ പ്രവൃത്തിയില്‍ കുട്ടി അസ്വസ്ഥയാകുന്നത് വീഡിയോയില്‍ വ്യക്തമായതോടെ കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെടുകയായിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആള്‍ദൈവത്തിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും യാദ്ഗിര്‍ എസ്.പി അറിയിച്ചു.

മടിയിലിരുത്തി ചുംബിക്കുമ്പോള്‍ കുട്ടി വല്ലാതെ അസ്വസ്ഥയായി ദൃശ്യങ്ങളില്‍ കാണപ്പെടുന്നുണ്ട്. കൗണ്‍സിലിംഗിന് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.


മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഈ വീഡിയോ പകര്‍ത്തിയത്. എന്നാല്‍, ആള്‍ദൈവത്തിന്റെ പ്രവൃത്തിയില്‍ തങ്ങള്‍ക്ക് യാതൊരു അസ്വാഭാവികതയും തോന്നിയില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. അവര്‍ തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും.


'മാതാപിതാക്കളുടെയും പെണ്‍കുട്ടിയുടെയും മൊഴികള്‍ ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പര്‍ശനത്തില്‍ തെറ്റായൊന്നും അവര്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ദൃശ്യങ്ങളില്‍ കുട്ടി അസ്വസ്ഥയായതിനാല്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകും.' - യാദ്ഗിര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു.

ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥര്‍ ആശ്രമം സന്ദര്‍ശിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment