/sathyam/media/media_files/2025/11/09/police-2025-11-09-12-29-43.jpg)
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിന്ദ്കി സ്വദേശികളായ അമര്‍ജീത് കുശ്വാഹ (30), ഭാര്യ രേഖ സോങ്കര്‍ (25) എന്നിവരാണ് മരിച്ചത്. അഞ്ച് മാസം മുമ്പ് വിവാഹിതരായ ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ അമര്‍ജീതിനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട രേഖ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു മുറിയില്‍ രേഖയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അമര്‍ജീതിന്റെ മൃതദേഹം താഴെയിറക്കിയ പോലീസുകാര്‍, തുടര്‍ന്നുള്ള പരിശോധനയിലാണ് രേഖയെയും തൂങ്ങിയ നിലയില്‍ കണ്ടത്. രണ്ടുപേരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് മാസം മുമ്പ് വിവാഹിതരായ ഇവരുടേത് മിശ്രവിവാഹമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരു കുടുംബങ്ങളും ഇവരുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു. ആദ്യം കാണ്‍പൂരില്‍ താമസിച്ചിരുന്ന ദമ്പതികള്‍ ജനുവരി മുതലാണ് ബിന്ദ്കിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിവരികയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ സഹായത്തിനായി 'ദിശ' (1056) അല്ലെങ്കില്‍ മറ്റ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us