/sathyam/media/media_files/2026/02/25/untitled-2026-02-25-13-23-30.jpg)
ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ചന്ദന്‍ പാര്‍ക്ക് പ്രദേശത്ത് ഒരു സ്ത്രീയെയും അവരുടെ മൂന്ന് പെണ്‍മക്കളെയും വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മുന്‍ചുന്‍ കേവതിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
27 വയസ്സുള്ള അനിതയും മൂന്ന്, നാല്, അഞ്ച് വയസ്സ് മാത്രം പ്രായമുള്ള അവരുടെ മൂന്ന് മക്കളുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ അയല്‍വാസികളാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍.
ബീഹാറിലെ പട്‌ന സ്വദേശികളായ ഈ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ആസാദ്പൂര്‍ മണ്ടിയിലെ പച്ചക്കറി വ്യാപാരിയാണ് മുന്‍ചുന്‍ കേവത്. സംഭവദിവസം മുതല്‍ ഇയാള്‍ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരെയും വകവരുത്തിയത്.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
പ്രതിക്കായി വിവിധ സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് തുടരുകയാണ്. ഇത്രയും ചെറിയ കുട്ടികളെപ്പോലും ദയവില്ലാതെ കൊലപ്പെടുത്തിയത് പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അയല്‍വാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us