ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 19 കാരിയെ ബലാത്സംഗക്കേസിലെ പ്രതി നടുറോഡില്‍ വെട്ടിക്കൊന്നു. കേസില്‍ അറസ്റ്റിലായ പ്രതി അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് എസ്.പി അറിയിച്ചു.
കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള ധേര്‍ഹ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വയലില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും.
വഴിയില്‍ മാരകായുധങ്ങളുമായി കാത്തുനിന്ന രണ്ടുപേര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഇവര്‍ പെണ്‍കുട്ടിയെ കോടാലി കൊണ്ട് വെട്ടി. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
3 വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും സഹോദരനുമാണ് ആക്രമണത്തിന് പിന്നില്‍. അശോക്, പവന്‍ നിഷാദ് എന്നിവര്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതില്‍ പവന്‍ നിഷാദാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പീഡന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.