ഡല്‍ഹി: ആസാമിലെ കച്ചാര്‍ ജില്ലയില്‍ യുവതി ബലാത്സംഗത്തിനിരയായി. 30 വയസ്സുള്ള സ്ത്രീയാണ് തന്റെ രണ്ട് കുട്ടികളുടെ മുന്നില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് അസം പോലീസ് പറഞ്ഞു.
രക്ഷപ്പെടുന്നതിന് മുമ്പ് പ്രതി ആസിഡ് പോലുള്ള രാസവസ്തു യുവതിയുടെ മേല്‍ ഒഴിച്ചതായും പൊലീസ് പറഞ്ഞു.
ധോലായ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരയുടെ കുടുംബത്തിന്റെ അയല്‍വാസിയായ 28 കാരനായ ഡ്രൈവറാണ് പ്രതി. പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്
താന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ യുവതിയുടെ കൈകളും കാലുകളും ബന്ധിച്ച നിലയില്‍ നിലത്ത് കിടക്കുന്നതാണ് കണ്ടതെന്ന് പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ജനുവരി 22 നാണ് സംഭവം നടന്നതെന്നും ജനുവരി 23 ന് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതിയെ സില്‍ചാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (എസ്എംസിഎച്ച്) പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമാണ്
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇരയുടെ 6 വയസ്സുള്ള മൂത്തമകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തന്റെ രണ്ട് ആണ്‍മക്കളുടെ മുന്നില്‍ വെച്ചാണ് ഇതെല്ലാം സംഭവിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഇക്കാരണത്താല്‍ അവര്‍ ഞെട്ടലിലാണെന്നും യുവാവ് പറഞ്ഞു.
പ്രതി തന്റെ വീട്ടില്‍ ബലമായി കയറിയെന്നും ഭാര്യയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചുവെന്നും ഇയാള്‍ പറഞ്ഞു. ഇര അവനെ ശകാരിക്കുകയും നമ്പര്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതോടെ ഇരയുടെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി
പ്രതി തന്റെ കുടുംബജീവിതം തകര്‍ത്തെന്ന് ഇരയുടെ ഭര്‍ത്താവ് പറഞ്ഞു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഭാര്യക്ക് നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരയെ ആദ്യം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്നും അവിടെ നിന്ന് എസ്എംസിഎച്ചിലേക്ക് റഫര്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
പ്രതി നേരത്തെയും പ്രദേശത്തെ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇരയുടെ ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിവാഹിതരായ സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിടുന്നതെന്നും അവരുടെ നമ്പര്‍ ചോദിക്കുകയും ആക്ഷേപകരമായ കാര്യങ്ങള്‍ എഴുതുകയും ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. പലതവണ പ്രദേശവാസികള്‍ ഇത്തരം ചില കാര്യങ്ങള്‍ യോഗങ്ങള്‍ നടത്തി പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.