ഡല്‍ഹി: ഡല്‍ഹിയില്‍ പട്രോളിംഗിനിടെ പോലീസ് കോണ്‍സ്റ്റബിളിനെ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി പട്രോളിംഗിനിടെ ഗോവിന്ദ്പുരി മേഖലയിലെ സന്ത് രവിദാസ് മാര്‍ഗിന് സമീപം പോലീസ് കോണ്‍സ്റ്റബിളിനെ മൂന്ന് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു അക്രമി കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെ ഉന്നത പോലീസുകാരുമായി ക്രമസമാധാന നില അവലോകനം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ കിരണ്‍പാല്‍ സിംഗ് ആണ് മരിച്ചത്. 2018ലാണ് ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായി നിയമിതനായത്. കോണ്‍സ്റ്റബിള്‍മാരായ ബനായ് സിംഗ്, സുനില്‍ എന്നിവര്‍ക്കൊപ്പം ആര്യസമാജ് മന്ദിറിന് സമീപമുള്ള പോലീസ് ബൂത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. പുലര്‍ച്ചെ 4:30 ഓടെയാണ് സംഭവം നടന്നത്.
കിരണ്‍പാല്‍ പട്രോളിംഗിനായി ഗലി നമ്പര്‍ 13-ലേക്ക് പോയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ റോക്കി (24), കൃഷ്, ദീപക് എന്നീ മൂന്ന് പേര്‍ പ്രദേശത്ത് കറങ്ങുന്നത് കോണ്‍സ്റ്റബിള്‍ ശ്രദ്ധിച്ചു.
ഇവരോട് എവിടെ നിന്നാണ് വരുന്നതെന്ന് കിരണ്‍ ചോദിച്ചു. തുടര്‍ന്ന് തര്‍ക്കം മൂര്‍ച്ഛിക്കുകയും, കത്തി കൈവശം വെച്ചിരുന്ന രാഘവ് കിരണ്‍പാലിന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പുലര്‍ച്ചെ 4:45 ഓടെ ഗോവിന്ദ്പുരി പോലീസ് സ്റ്റേഷനില്‍ ചില പേപ്പറുകള്‍ എത്തിച്ച് മടങ്ങിയ കോണ്‍സ്റ്റബിള്‍ സുനില്‍ കിരണിനെ സ്റ്റേഷനില്‍ കാണാത്തതിനെ തുടര്‍ന്ന് ഏതാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം അന്വേഷണം നടത്തുകയായിരുന്നു.
ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിരണില്‍ നിന്ന് പ്രതികരണമുണ്ടായില്ല. പിന്നീട് പുലര്‍ച്ചെ അഞ്ചരയോടെ കിരണിനെ അന്വേഷിച്ച് ഇറങ്ങിയ സുനില്‍ ഗലി നമ്പര്‍ 13ന് പുറത്ത് കിരണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.