ഒഡീഷയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം ബുര്‍ലയിലേക്കും പിന്നീട് ബര്‍ഗഡ് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

New Update
Untitled

ത്സാര്‍സുഗുഡ: ഒഡീഷയിലെ ത്സാര്‍സുഗുഡ ജില്ലയില്‍ ദേശീയപാത 49-ല്‍ ട്രക്കും കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം.

Advertisment

ത്സാര്‍സുഗുഡ സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒഡീഷ ആദര്‍ശ് വിദ്യാലയത്തിന് സമീപമാണ് അപകടം നടന്നത്. എതിരെ വന്ന ട്രക്ക് പോലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ഡിഎസ്‌ഐ നിരഞ്ജന്‍ കുജൂര്‍, ഹവില്‍ദാര്‍ ലിംഗരാജ് ധുരുവ, കോണ്‍സ്റ്റബിള്‍മാരായ കാശിറാം ഭോയ്, ദേവ്ദത്ത് സാഹ, ഹോം ഗാര്‍ഡ് ഭക്ത മിര്‍ധ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം ബുര്‍ലയിലേക്കും പിന്നീട് ബര്‍ഗഡ് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പരിക്കേറ്റ ട്രക്ക് ഡ്രൈവറും ചികിത്സയിലാണ്.


കൂട്ടിയിടിയുടെ ആഘാതത്തില്‍ പോലീസ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. നിയന്ത്രണം വിട്ട ട്രക്ക് വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ എസ്പി മധുസിക്ത മിശ്ര അറിയിച്ചു.


ത്സാര്‍സുഗുഡ എംഎല്‍എ ടങ്കധര്‍ ത്രിപാഠി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദേശീയപാത 49 വികസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment