ഡൽഹി: ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ചുമതല നിർവ്വഹിക്കാൻ സി.പി.എമ്മിൽ പുതിയ സംവിധാനം വരുന്നു.
പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയോഗിച്ചു. കോ-ഓർഡിനേറ്റർ പദവിയിലായിരിക്കും കാരാട്ട് പ്രവർത്തിക്കുക.
മധുരയിൽ നടക്കുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് വരെ കാരാട്ട് കോ-ഓർഡിനേറ്റർ പദവിയിൽ തുടരും. 2024 ഏപിൽ 2 മുതൽ 6 വരെയാണ് പാർട്ടി കോൺഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. പൊളിറ്റ് ബ്യൂറോയാണ് ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ചുമതലകൾ നിർവ്വഹിക്കാൻ കോ-ഓർഡിനേറ്ററെ നിയമിക്കാമെന്ന ശുപാർശ വെച്ചത്.
ഈ ശുപാർശ കേന്ദ്രകമ്മിറ്റി അംഗീകരിച്ചതോടെയാണ് പ്രകാശ് കാരാട്ടിനെ കോ-ഓർഡിനേറ്ററായി നിയമിച്ചത്. പദവിയിലിരിക്കെ ജനറൽ സെക്രട്ടറിമാർ മരിച്ച അനുഭവം സി.പി.എം മുൻപ് അഭിമുഖീകരിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ യെച്ചൂരിയുടെ നിര്യാണത്തിന് ശേഷം ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിൽ സി.പി.എം ദേശിയ നേതൃത്വത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു.
പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെെടുക്കണോ അതോ താൽക്കാലിക ചുമതലക്കാരനെ നിശ്ചയിച്ച് പോകണോ എന്നതിലായിരുന്നു പിബിയ്ക്കു കൺഫ്യൂഷൻ. പൊളിറ്റ് ബ്യൂറോയിലെ നീണ്ട ചർച്ചകൾക്കൊടുവിലാണ് താൽക്കിലിക ചുമതലക്കാരൻ മതി എന്ന് ധാരണയിലെത്തിയത്. പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ പോയാൽ തർക്കങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ടായിരുന്നു.
അതും പുതിയ തീരുമാനത്തെ സ്വാധീനിച്ചു. കോ-ഓർഡിനേറ്ററായി മുൻജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ തന്നെ നിയമിച്ചതും ഭിന്നത ഒഴിവാക്കുന്നതിന് വേണ്ടി തന്നെ. ഹർകിഷൻ സിങ്ങ് സുർജിത്തിന് പിന്നാലെയാണ് പ്രകാശ് കാരാട്ട് സി.പി.എം ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.
ജനറൽ സെക്രട്ടറി പദത്തിൽ മൂന്ന് ടേം പൂർത്തിയാക്കി 2015 വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് കാരാട്ട് ചുമതല ഒഴിഞ്ഞത്.
നേതൃപദവികളിൽ ഇരിക്കുന്നതിനുളള 75 വയസ് പ്രായപരിധി പിന്നിട്ട കാരാട്ട് മധുര പാർട്ടി കോൺഗ്രസിൽ വെച്ച് പിബി അടക്കമുളള സമിതികളിൽ നിന്ന് ഒഴിയാനിരിക്കെയാണ് പുതിയ ചുമതല ഏറ്റെടുക്കേണ്ടി വരുന്നത്.