/sathyam/media/media_files/hGySaF1iti3p8qlgzYHd.jpg)
ന്യൂഡല്‍ഹി: ബിഹാര്‍ നിയസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി സോണിയാഗാന്ധിയുടെ ജന്‍പഥ് വസതിയില്‍ ഇന്നലെ രാവിലെ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് പുതിയ അഭ്യൂഹം പരന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയോജിപ്പുകളെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട, പ്രശാന്ത് കിഷോര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
എന്നാല്‍ കോണ്‍ഗ്രസും പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും ഈ അഭ്യൂഹങ്ങളെ പരസ്യമായി നിഷേധിക്കുന്നുണ്ട്.
രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി വിവിധ കാലങ്ങളില്‍ സഹകരിച്ചിരുന്നു.
ജെഡിയു 2021ല്‍ പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെ ശാക്തീകരിക്കാനുള്ള പദ്ധതികളുമായി അദ്ദേഹം രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സമീപിച്ചു.
2022 ഏപ്രിലില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ അവലോകനം ചെയ്യാന്‍ സോണിയ ഗാന്ധി ഒരു സമിതിയെയും നിയോഗിച്ചിരുന്നു.
പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രത്യേക സമിതിയുടെ ഭാഗമാകാന്‍ സോണിയാഗാന്ധി നിര്‍ദേശിച്ചെങ്കിലും, സ്വതന്ത്രമായ പ്രവര്‍ത്തനാനുമതി ഇല്ലെന്ന് ചൂണ്ടി അദ്ദേഹം നിരസിച്ചു.
പാര്‍ട്ടിയുടെ ഘടന മാറ്റുന്നത് അടക്കമുള്ള നിര്‍ദേശങ്ങളെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് കോണ്‍ഗ്രസില്‍ നിന്നും അകന്ന പ്രശാന്ത് ജന്‍ സുരാജ് പാര്‍ട്ടിയെന്ന പാര്‍ട്ടി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 238 സീറ്റില്‍ മത്സരിച്ച ജന്‍ സുരാജ് പാര്‍ട്ടി ഒരിടത്തു പോലും വിജയിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us