/sathyam/media/media_files/2026/02/20/untitled-2026-02-20-14-45-43.jpg)
കൊപ്പല്‍: വീട്ടുകാരുടെ ആഗ്രഹത്തിന് വിരുദ്ധമായി അന്യമതസ്ഥനെ വിവാഹം കഴിച്ചതിന് നാല് മാസം ഗര്‍ഭിണിയായ സഹോദരിയെ യുവാവ് മഴു കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. മീനാക്ഷി എന്ന യുവതിക്ക് നേരെയാണ് സ്വന്തം സഹോദരന്‍ മഞ്ജുനാഥ് (35) ക്രൂരമായ ആക്രമണം നടത്തിയത്.
മീനാക്ഷിയും ഉദയ് കുമാറും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ മീനാക്ഷിയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ബന്ധമില്ലാതെ ഇരുവരും ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച കൊപ്പലില്‍ നടന്ന ഒരു കൂട്ടവിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദമ്പതികള്‍. മീനാക്ഷി എത്തിയ വിവരം അറിഞ്ഞ മഞ്ജുനാഥ് മഴുവും കരുതി സ്ഥലത്തെത്തുകയും ആളുകള്‍ നോക്കിനില്‍ക്കെ സഹോദരിയെ ആക്രമിക്കുകയുമായിരുന്നു.
ചടങ്ങില്‍ പങ്കെടുത്തവര്‍ ഉടന്‍ തന്നെ ഇടപെടുകയും മഞ്ജുനാഥിനെ തടയുകയും ചെയ്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
പരിക്കേറ്റ മീനാക്ഷിയെ ഉടന്‍ തന്നെ കൊപ്പലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും നില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയായ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തു. കൊപ്പല്‍ എസ്.പി റാം അരസിദ്ധിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us