മേഘാലയയിൽ 658 ബംഗ്ലാദേശികൾക്കെതിരെ നിയമനടപടി; 194 പേരെ നാടുകടത്തിയെന്ന് ഉപമുഖ്യമന്ത്രി

'മേഘാലയ റെസിഡന്റ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ആക്ട് 2016', 'ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് 2025' എന്നീ നിയമങ്ങള്‍ പ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നത്.

New Update
Untitled

ഷില്ലോങ്: മേഘാലയയില്‍ അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി 2021 മുതല്‍ ഇതുവരെ 658 ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി നിയമനടപടിക്ക് വിധേയമാക്കിയതായി ഉപമുഖ്യമന്ത്രി പ്രെസ്റ്റണ്‍ ടൈന്‍സോങ് നിയമസഭയെ അറിയിച്ചു. ഇവരില്‍ 194 പേരെ ഇതിനോടകം തന്നെ തിരികെ ബംഗ്ലാദേശിലേക്ക് നാടുകടത്തി.

Advertisment

2021 മുതല്‍ 2026 ഫെബ്രുവരി 3 വരെയുള്ള കണക്കുകളാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സഭയില്‍ വെച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കും ബംഗ്ലാദേശ് അധികൃതരില്‍ നിന്ന് ട്രാവല്‍ പെര്‍മിറ്റ് ലഭിച്ചവര്‍ക്കുമാണ് നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.


കുടിയേറ്റം തടയാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലും അന്തര്‍സംസ്ഥാന അതിര്‍ത്തികളിലുമായി 18 ചെക്ക് പോസ്റ്റുകളും എന്‍ട്രി ഗേറ്റുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ജില്ലാതല സ്‌ക്വാഡുകള്‍ മിന്നല്‍ പരിശോധനകളും സംയുക്ത പട്രോളിംഗും നടത്തുന്നു.

അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനും വെരിഫിക്കേഷന്‍ നടത്തുന്നതിനുമായി 11 ജില്ലാ ടാസ്‌ക് ഫോഴ്‌സുകള്‍ക്ക് രൂപം നല്‍കി. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്, വില്ലേജ് ഡിഫന്‍സ് പാര്‍ട്ടികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.


'മേഘാലയ റെസിഡന്റ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ആക്ട് 2016', 'ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് 2025' എന്നീ നിയമങ്ങള്‍ പ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നത്.


യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ നിയമവിരുദ്ധമായ കടന്നുകയറ്റത്തിനെതിരെ ശക്തമായ നിലപാട് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശോധനകളുമായി പൊതുജനങ്ങളും സംഘടനകളും സഹകരിക്കണമെന്നും ഉപമുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Advertisment