പ്രധാനമന്ത്രി പ്രവര്‍ത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്ത്. പിന്നെന്തിന് രാഹുൽ ​ഗാന്ധിയെ വിമര്‍ശിക്കുന്നു ? ബിജെപിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

New Update
priyanka gandhi narendra modi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജര്‍മനി സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ച ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. 

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവര്‍ത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നതെന്നും എന്തിനാണ് പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

രാഹുല്‍ പ്രതിപക്ഷ നേതാവല്ല മറിച്ച് 'പര്യടന്‍ നേതാവാണ്' എന്നായിരുന്നു ബിജെപിയുടെ പരിഹാസം. 'വിദേശ നായകന്‍ ഒരിക്കല്‍ കൂടി തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന കാര്യം ചെയ്യുന്നു! വിദേശ പര്യടനത്തിനു പോകുകയാണ്! 

ഡിസംബര്‍ 19 വരെ പാര്‍ലമെന്റ് സമ്മേളനം ഉണ്ട്, എന്നാല്‍ രാഹുല്‍ ഗാന്ധി ഡിസംബര്‍ 15 മുതല്‍ 20 വരെ ജര്‍മനി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍! രാഹുല്‍ എല്‍ഒപി ആണ് - ലീഡര്‍ ഓഫ് പര്യടന്‍' എന്നാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാലയുടെ പരിഹാസം. 

ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്തും രാഹുല്‍ വിദേശത്തായിരുന്നുവെന്നും അതിനുശേഷം ജംഗിള്‍ സഫാരിയിലായിരുന്നുവെന്നും പൂനാവാല എക്സ് പോസ്റ്റില്‍ പറഞ്ഞു.

'മോദിജി തന്റെ പ്രവര്‍ത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവര്‍ എന്തിന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു ?' രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോടു മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ഡിസംബര്‍ 15 മുതല്‍ 20 വരെയാണ് രാഹുല്‍ ഗാന്ധി ജര്‍മന്‍ സന്ദര്‍ശനം. ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കുകയും ജര്‍മന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അറിയിച്ചു.

Advertisment