അസമിൽ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി പ്രിയങ്ക ഗാന്ധി; കാമാഖ്യ ക്ഷേത്ര ദർശനത്തോടെ സന്ദർശനത്തിന് തുടക്കം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഗുവാഹത്തിയിലെത്തിയ അവര്‍, വിമാനത്താവളത്തില്‍ നിന്ന് നേരെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി.

New Update
Untitled

ഗുവാഹത്തി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വദ്ര അസമിലെത്തി.

Advertisment

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഗുവാഹത്തിയിലെത്തിയ അവര്‍, വിമാനത്താവളത്തില്‍ നിന്ന് നേരെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി.


ക്ഷേത്ര ദര്‍ശനത്തിന് ശേഷം അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനമായ രാജീവ് ഭവനിലെത്തിയ പ്രിയങ്ക ഗാന്ധി, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കും. അസമിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ ജനകീയ പങ്കാളിത്തത്തോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള സ്‌ക്രീനിംഗ് നടപടികള്‍ നടക്കുന്നത്.


താഴെത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും നേരിട്ട് അഭിപ്രായം സ്വീകരിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന രീതിയാണ് ഇത്തവണ പ്രിയങ്കയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.

ഇതിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി അവസാനത്തോടെ പുറത്തിറക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.


തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി വരും മാസങ്ങളില്‍ പ്രിയങ്ക ഗാന്ധി കൂടുതല്‍ തവണ അസം സന്ദര്‍ശിക്കും. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും തമ്മിലുള്ള ഏകോപനം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന് സംഘടനാ സംവിധാനം ചലിപ്പിക്കാനും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ അവകാശപ്പെട്ടു. 

Advertisment