/sathyam/media/media_files/2026/02/25/untitled-2026-02-25-09-16-08.jpg)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടയില്‍ ഗസ്സയിലെ നിരപരാധികളായ ജനങ്ങള്‍ നേരിടുന്ന വംശഹത്യയെക്കുറിച്ച് അദ്ദേഹം സംസാരിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധ്ര.
ഇസ്രായേല്‍ പാര്‍ലമെന്റായ 'കെനെസെറ്റിനെ' അഭിസംബോധന ചെയ്യുമ്പോള്‍ ഗസ്സയിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നീതി ആവശ്യപ്പെടാന്‍ പ്രധാനമന്ത്രി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകത്തിന് സത്യത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചം കാട്ടിക്കൊടുക്കാന്‍ ഇന്ത്യ എന്നും മുന്നിലുണ്ടാകണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
'ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ കെനെസെറ്റില്‍ പ്രസംഗിക്കുമ്പോള്‍, ഗസ്സയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിരപരാധികളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ശരിയായ കാര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. അത് തുടരണം.'
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഗസ്സയില്‍ സിവിലിയന്മാര്‍ക്ക് നേരെ ഇസ്രായേല്‍ ക്രൂരമായ ആക്രമണം തുടരുമ്പോഴും പ്രധാനമന്ത്രി അവിടെ സന്ദര്‍ശനം നടത്തുന്നത് പാലസ്തീന്‍ ജനതയെ കൈവിടുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദി സര്‍ക്കാര്‍ പാലസ്തീന്‍ വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും കുറ്റപ്പെടുത്തി.
പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഇസ്രായേലിലേക്ക് തിരിക്കുന്നത്. ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us