ശ്രീനഗർ: മുത്തശിക്കൊപ്പം കശ്മീരിലേക്ക് ആദ്യമായി എത്തിയ ഓർമ്മകൾ പങ്കുവച്ച് പ്രിയങ്ക ഗാന്ധി. ജമ്മു കശ്മീരിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
''ഞങ്ങൾ വീട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കശ്മീർ സന്ദർശിച്ച് ശരത്കാലത്തിൽ ചിനാർ ഇലകൾ കൊഴിഞ്ഞു വീഴുന്നത് കാണാനുള്ള ആഗ്രഹം മുത്തശി അറിയിച്ചത്.
കൊല്ലപ്പെടുന്നതിന് നാലഞ്ചു ദിവസം മുമ്പായിരുന്നു,'' ജമ്മു ജില്ലയിലെ ബിഷ്‌ന അസംബ്ലി നിയോജക മണ്ഡലത്തിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു.
തനിക്ക് അന്ന് 12 വയസ്സും രാഹുൽ ഗാന്ധിക്ക് 14 വയസ്സും ആയിരുന്നുവെന്നും മുത്തശ്ശിയോടൊപ്പം കശ്മീർ സന്ദർശിക്കുന്നതിൽ ഇരുവരും സന്തുഷ്ടരായെന്നും പ്രിയങ്ക പറഞ്ഞു. '
'മുത്തശ്ശി എന്നെ ആദ്യമായി കശ്മീരിലേക്ക് കൊണ്ടുപോയി, ഖീർ ഭവാനി ക്ഷേത്രത്തിലേക്കും പിന്നീട് ആത്മീയ ഗുരു സ്വാമി ലക്ഷ്മഞ്ജൂജിയുടെ അടുത്തേക്കും കൊണ്ടുപോയി. അതിനുശേഷം ഞങ്ങൾ ഡൽഹിയിലേക്ക് മടങ്ങി, മൂന്ന് നാല് ദിവസത്തിന് ശേഷം മുത്തശി കൊല്ലപ്പെട്ടു," പ്രിയങ്ക പറഞ്ഞു.
അതിനുശേഷം, താൻ ശ്രീനഗർ സന്ദർശിക്കുമ്പോഴെല്ലാം ഖീർ ഭവാനി ക്ഷേത്രത്തിൽ പോകാറുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു, കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുത്തശിയെ കശ്മീരിലേക്ക് ആകർഷിച്ചത് എന്താണെന്ന് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും അവർ പറഞ്ഞു.
"നിങ്ങളുടെ പൂർവ്വികർ ജനിച്ച സ്ഥലവുമായുള്ള ബന്ധം തികച്ചും വ്യത്യസ്തമാണ്, വാക്കുകളിൽ വിശദീകരിക്കാൻ കഴിയാത്ത ഒന്ന്. ജമ്മു കശ്മീരുമായി എന്റെ കുടുംബത്തിന് അതേ ബന്ധമുണ്ട്,'' പ്രിയങ്ക അഭിപ്രായപ്പെട്ടു.