'വയനാടിനെ തഴഞ്ഞത് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

New Update
priyanka gandhi

ഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസഹായം നിഷേധിക്കുകയാണെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

Advertisment

നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് പ്രധാനമന്ത്രിക്കയച്ച കത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കിയത്.

''ഇത് വെറും അശ്രദ്ധയല്ല. സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതിയാണിത്. വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു. ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചു.

അവിടത്തെ പ്രത്യാഘാതങ്ങള്‍ നേരിട്ട് കണ്ടു. എന്നിട്ടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും നിര്‍ണായകമായ സഹായങ്ങള്‍ തടയുകയും ചെയ്യുന്നു.

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വലിയ ദുരിതമനുഭവിക്കുന്ന സമയത്തും അതുതന്നെ ചെയ്തു. മുന്‍കാലങ്ങളില്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ ഇങ്ങനെ രാഷ്ട്രീയവല്‍കരിക്കപ്പെട്ടിട്ടില്ല.'' പ്രിയങ്ക എക്‌സില്‍ കുറിച്ചു.

Advertisment