ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്സഭാ നേതാവായും ബിജെപിയുടെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും നേതാവായും പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശം രാജ്യത്തിന്റെ ശബ്ദമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജ്നാഥ് സിംഗ് അവതരിപ്പിച്ച നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഈ നിര്‍ദ്ദേശം ഇവിടെ ഇരിക്കുന്ന ജനങ്ങളുടെ മാത്രം ആഗ്രഹമല്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെയും നിര്‍ദേശമാണിത്. അടുത്ത 5 വര്‍ഷത്തേക്ക് പ്രധാനമന്ത്രി മോദി രാജ്യത്തെ നയിക്കണമെന്ന രാജ്യത്തിന്റെ ശബ്ദമാണിത്.
പ്രധാനമന്ത്രി മോദി നടത്തുന്ന കാര്യക്ഷമമായ സര്‍ക്കാരിന്റെ പേരില്‍ എന്‍ഡിഎ സര്‍ക്കാരിന് ലോകമെമ്പാടും പ്രശംസ ലഭിച്ചതായി രാജ്നാഥ് സിംഗ് പറഞ്ഞു.
മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഞാന്‍ മാത്രമല്ല, എല്ലാ രാജ്യക്കാരും മോദി ജിയുടെ കാര്യക്ഷമതയ്ക്കും ദീര്‍ഘവീക്ഷണത്തിനും ആധികാരികതയ്ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനം ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നത് നമുക്കെല്ലാവര്‍ക്കും സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ എൻഡിഎ പാർലമെൻ്ററി കമ്മിറ്റി നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെ ബിജെപി പ്രവർത്തകരും അനുഭാവികളും പാർലമെൻ്റിന് പുറത്ത് ആഹ്ലാദപ്രകടനം നടത്തി.