ഡല്‍ഹി: ലോറന്‍സ് ബിഷ്ണോയിയുമായി അഭിമുഖം നടത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാസംഘവും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടും ക്രിമിനല്‍ ഗൂഢാലോചനയും സംശയിക്കുന്നതായും ഹൈക്കോടതി പറഞ്ഞു.
2023ല്‍ ബതിന്ദാ ജയിലില്‍ കഴിയുമ്പോള്‍ ബിഷ്ണോയി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
പോലീസ് ഉദ്യോഗസ്ഥര്‍ ബിഷ്ണോയിയെ ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കാന്‍ അനുവദിക്കുകയും ഇന്റര്‍വ്യൂ നടത്താന്‍ സ്റ്റുഡിയോ പോലുള്ള സൗകര്യം നല്‍കുകയും ചെയ്തു. ഇത് കുറ്റവാളിയുടെ കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നതാണെന്നും കോടതി വിമര്‍ശിച്ചു.
താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി മാറ്റുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു.
ജസ്റ്റിസുമാരായ അനുപീന്ദര്‍ സിംഗ് ഗ്രെവാള്‍, ലപിത ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച്, സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ മാത്രമേ ഗസറ്റഡ് ഓഫീസര്‍മാരായി ഉള്ളുവെന്നും ബാക്കിയുള്ളവര്‍ ജൂനിയര്‍ ഉദ്യോഗസ്ഥരാണെന്നും ചൂണ്ടിക്കാട്ടി.
പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കുറ്റവാളിയിൽ നിന്നോ കൂട്ടാളികളിൽ നിന്നോ നിയമവിരുദ്ധമായ ഉപഹാരം സ്വീകരിക്കാൻ കാരണാകുകയോ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ രൂപീകരിക്കുകയും ചെയ്യാം. അതിനാൽ കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും ബെഞ്ച് പറഞ്ഞു.