ഉറക്കമിളച്ചുള്ള ഗെയിമിംഗ് മരണക്കെണിയോ? പബ്ജി കളിക്കിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു. മസ്തിഷ്‌കത്തിലെ ഞരമ്പ് പൊട്ടി 22-കാരന് ദാരുണാന്ത്യം

മാതാപിതാക്കള്‍ പലതവണ വിലക്കിയെങ്കിലും കൈഫ് അത് ചെവികൊണ്ടില്ല. പ്രോപ്പര്‍ട്ടി ഡീലറായ ഫാറൂഖിന്റെ ഏക മകനായിരുന്നു കൈഫ്.

New Update
Untitled

മീററ്റ്: മൊബൈല്‍ ഗെയിമിംഗിനോടുള്ള കടുത്ത അഭിനിവേശം യുവാവിന്റെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ പബ്ജി ഗെയിം കളിക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്ന് മസ്തിഷ്‌കത്തിലെ ഞരമ്പ് പൊട്ടിയാണ് 22-കാരനായ മുഹമ്മദ് കൈഫ് മരിച്ചത്.

Advertisment

മീററ്റിലെ ഖൈര്‍നഗര്‍ സ്വദേശിയായ കൈഫ് വെള്ളിയാഴ്ച രാത്രി തന്റെ മുറിയില്‍ ഹെഡ്ഫോണ്‍ വെച്ച് മൊബൈലില്‍ പബ്ജി കളിക്കുകയായിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയോടെ പെട്ടെന്ന് ബോധരഹിതനായി കട്ടിലില്‍ നിന്ന് താഴെ വീണു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ കൈഫിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.


ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കൈഫിന്റെ രക്തസമ്മര്‍ദ്ദം 300-ന് മുകളിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ കൈഫ് മരിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദവും അമിതമായ ആവേശവും മൂലം രക്തസമ്മര്‍ദ്ദം ഉയരുകയും മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടാവുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ നാല് മാസമായി കൈഫ് ഈ ഗെയിമിന് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ ചെയ്യുന്നതില്‍ താല്പര്യം കാണിച്ചിരുന്ന യുവാവ് പിന്നീട് രാത്രി മുഴുവന്‍ ഉറക്കമിളച്ച് മൊബൈല്‍ ഗെയിമിംഗിലേക്ക് തിരിയുകയായിരുന്നു.


മാതാപിതാക്കള്‍ പലതവണ വിലക്കിയെങ്കിലും കൈഫ് അത് ചെവികൊണ്ടില്ല. പ്രോപ്പര്‍ട്ടി ഡീലറായ ഫാറൂഖിന്റെ ഏക മകനായിരുന്നു കൈഫ്.


ഓണ്‍ലൈന്‍ ഗെയിമുകള്‍ തലച്ചോറില്‍ 'ഡോപാമൈന്‍' അളവ് വര്‍ദ്ധിപ്പിക്കുമെന്നും ഇത് യുവാക്കളില്‍ കടുത്ത അടിമത്തത്തിനും മാനസിക പിരിമുറുക്കത്തിനും കാരണമാകുമെന്നും മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisment