ഡല്‍ഹി: പാകിസ്ഥാനിലെ ഡയാലിസിസ് രോഗികളില്‍ എച്ച്‌ഐവി പടരാന്‍ കാരണമായ അശ്രദ്ധയുടെ പേരില്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെയും പ്രധാന സ്റ്റാഫ് അംഗങ്ങളെയും സസ്പെന്‍ഡ് ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്.
ഡിസ്‌പോസിബിള്‍ ഡയാലിസിസ് കിറ്റുകളും ഡയലൈസറുകളും അശ്രദ്ധമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആരോപണം. മൂന്ന് മാസത്തിലൊരിക്കല്‍ നിര്‍ബന്ധിത എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് പരിശോധനകള്‍ ആശുപത്രി അധികൃതര്‍ നടത്തിയിരുന്നില്ലെന്നും പ്രാദേശിക വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡയാലിസിസിന് വിധേയരായ 20-ലധികം രോഗികള്‍ക്ക് എയ്ഡ്സ് ബാധിച്ചതായി ആശുപത്രി അധികൃതര്‍ സമ്മതിച്ചു. ഡയാലിസിസിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മുമ്പ് രോഗബാധിതരായ വ്യക്തികളാല്‍ മലിനമായതായും അവര്‍ സമ്മതിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് നിഷ്താര്‍ ആശുപത്രി സന്ദര്‍ശിച്ചു, കടുത്ത അനാസ്ഥയുടെ പേരില്‍ നിഷ്താര്‍ മെഡിക്കല്‍ സൂപ്രണ്ടിനെയും നെഫ്രോളജി വിഭാഗം മേധാവിയെയുമടക്കം ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റേഡിയോ പാകിസ്ഥാന്‍ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡയാലിസിസിനിടെ എയ്ഡ്സ് പടര്‍ന്നതിനാണ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എതിരെ നടപടി സ്വീകരിച്ചത്.
ഡോക്ടര്‍മാരായ എംഎസ് മുഹമ്മദ് കാസിം, ഗുലാം അബ്ബാസ് (നെഫ്രോളജി വിഭാഗം മേധാവി), പൂനം ഖാലിദ് (അസോസിയേറ്റ് പ്രൊഫസര്‍), മുഹമ്മദ് ഖദീര്‍ (സീനിയര്‍ രജിസ്ട്രാര്‍), മലിയ ജോഹര്‍, മുഹമ്മദ് ആലംഗീര്‍ (നെഫ്രോളജി വാര്‍ഡിലെ മെഡിക്കല്‍ ഓഫീസര്‍), ഹെഡ് നഴ്സ് നഹീദ് പര്‍വീന്‍ എന്നിവരെയാണ് അശ്രദ്ധയ്ക്ക് മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്.