ഡല്‍ഹി: പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുര്‍പ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സ്വയം വെടിവച്ചതായും തലയ്ക്ക് വെടിയേറ്റതായും കുടുംബാംഗങ്ങള്‍ പറഞ്ഞതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
58 കാരനായ നിയമസഭാംഗം അബദ്ധത്തില്‍ സ്വയം വെടിവച്ചതാണെന്ന് സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോള്‍ ഗോഗിമുറിയില്‍ തനിച്ചായിരുന്നുവെന്നും കുടുംബം പറഞ്ഞു
വെടിയേറ്റ ഗോഗിയെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2022-ൽ ഗോഗി ആം ആദ്മി പാർട്ടിയിൽ ചേരുകയും മുൻ പഞ്ചാബ് മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ഭരത് ഭൂഷൺ ആഷുവിനെ ലുധിയാന പടിഞ്ഞാറ് നിയമസഭാ മണ്ഡലത്തിൽ നിന്ന് 7,500 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു.