പുടിനൊപ്പം വിരുന്നിന് പോയത് പാര്‍ട്ടിയോട് ആലോചിക്കാതെയെന്ന് വിമർശനം. ശശി തരൂരിനെതിരെ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്

New Update
shashi-tharoor-and-vladimir-putin

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ശശി തരൂരിനെതിരെ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്.

Advertisment

തരൂര്‍ പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന വിമർശനവുമായി എഐസിസി നേതാക്കൾ. അതേസമയം വിദേശകാര്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തന്നെ ക്ഷണിച്ചതെന്നാണ് തരൂരിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നല്‍കിയ അത്താഴ വിരുന്നില്‍ ശശി തരൂര്‍ എംപി പങ്കെടുത്തതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ തരൂര്‍ പാര്‍ട്ടിയോട് ആലോചിച്ചല്ല ചടങ്ങില്‍ പങ്കെടുത്തതെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി. 

പ്രതിപക്ഷ നേതാക്കളെ വിരുന്നിന് ക്ഷണിക്കാത്തതിലെ കടുത്ത അതൃപതിക്കിടെയാണ് തരൂര്‍ പങ്കെടുത്തത്. വിരുന്നിന് ക്ഷണം നല്കിയവരും തരൂരും ചോദ്യം നേരിടണം എന്ന് എഐസിസി വക്താവ് പവന്‍ ഖേര വിമര്‍ശിച്ചു.

താനായിരുന്നെങ്കില്‍ നേതാക്കളെ വിളിക്കാത്ത വിരുന്നിന് പോകില്ലായിരുന്നു എന്നും ഖേര പ്രതികരിച്ചു. പ്രോട്ടോകോള്‍ ലംഘനത്തിന് കേന്ദ്രം മറുപടി പറയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 

വിവിധ വിഷയങ്ങളില്‍ തരൂര്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് പാര്‍ട്ടിയോടാലോചിക്കാതെ തരൂര്‍ വിരുന്നില്‍ പങ്കെടുത്തത്.

Advertisment