/sathyam/media/media_files/2026/02/18/untitled-2026-02-18-13-42-41.jpg)
ഡല്‍ഹി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ അലഹബാദ് ഹൈക്കോടതി നടത്തിയ വിവാദപരമായ നിരീക്ഷണം സുപ്രീം കോടതി റദ്ദാക്കി.
കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന ഹൈക്കോടതി വാദത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ലൈംഗിക അതിക്രമ കേസുകളില്‍ വിധി പ്രസ്താവിക്കുമ്പോള്‍ നിയമപരമായ യുക്തിയും ഒപ്പം സഹാനുഭൂതിയും ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം കേസുകളില്‍ കോടതികള്‍ ഇരകളോട് സംവേദനക്ഷമതയുള്ളവരായിരിക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
11 വയസ്സുകാരിയായ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഉപദ്രവിക്കുകയും വസ്ത്രം അഴിക്കാനും വലിച്ചിഴയ്ക്കാനും ശ്രമിച്ചതാണ് കേസ്. വിചാരണ കോടതി ഇതില്‍ ബലാത്സംഗശ്രമത്തിനും പോക്‌സോ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ഇത് വസ്ത്രം അഴിക്കാനുള്ള ശ്രമം മാത്രമാണെന്നും ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശ്യം തെളിയിക്കാന്‍ മറ്റ് തെളിവുകളില്ലെന്നും പറഞ്ഞ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര കുറ്റങ്ങള്‍ ലഘൂകരിച്ചിരുന്നു.
2025 മാര്‍ച്ചില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഈ ഉത്തരവിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും വിധി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്.
ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും സംവേദനക്ഷമതയെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മൂന്ന് മാസത്തിനകം ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
'നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഓരോ ഘട്ടത്തിലും കാരുണ്യവും മാനുഷിക പരിഗണനയും പ്രതിഫലിക്കണം. സാധാരണ പൗരന്മാര്‍ നേരിടുന്ന നിയമനടപടികള്‍ മുതല്‍ അന്തിമ വിധി വരെ നീതിയുക്തവും ഫലപ്രദവുമാകാന്‍ ഇത് അത്യാവശ്യമാണ്.'കോടതി ഓര്‍മ്മിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us