Advertisment

'മോദിയുടെ ഇടപെടലില്ലാതെ മോചനം സാധ്യമായിരുന്നില്ല'; ഭാരത് മാതാ കി ജയ് മുഴക്കി ഖത്തര്‍ മോചിപ്പിച്ച ഇന്ത്യക്കാര്‍

New Update
qatar

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഖത്തര്‍ മോചിപ്പിച്ച ഇന്ത്യന്‍ നാവികസേനാംഗങ്ങൾ. മോദിയുടെ ഇടപെടലില്ലാതെ മോചനം സാധ്യമായിരുന്നില്ല. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിരന്തര പരിശ്രമം കൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഒരു നാവികസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment

ജയില്‍ മോചിതരായി തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഏഴ് പേരും 'ഭാരത് മാതാ കീ ജയ്' മുഴക്കിയാണ് സന്തോഷം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചരവൃത്തിക്കേസില്‍ അറസ്റ്റിലായ എട്ട് പേരുടെയും വധശിക്ഷ ഖത്തര്‍ കോടതി റദ്ദാക്കിയിരുന്നു. വധശിക്ഷ തടവ് ശിക്ഷയായി കുറച്ചതോടെ ഇവര്‍ മോചനം കാത്തിരിക്കുകയായിരുന്നു. 

'ഞങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്താന്‍ ഏകദേശം 18 മാസത്തോളം കാത്തിരുന്നു. ഞങ്ങള്‍ പ്രധാനമന്ത്രിയോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലും ഖത്തറുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഇല്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകില്ല.

നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റിനോട് നന്ദി പറയുന്നു. ആ ശ്രമങ്ങളില്ലാതെ ഈ ദിവസം സാധ്യമാകുമായിരുന്നില്ല', ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ മറ്റൊരു നാവികസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

മലയാളിയടക്കം 8 മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചതായി ഇന്ന് പുലര്‍ച്ചെ വാര്‍ത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഖത്തര്‍ അമീറിന്റെ ഈ സുപ്രധാന തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, മലയാളിയായ നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ജയിലില്‍ കഴിഞ്ഞിരുന്നത്.

Advertisment