ഗുരുഗ്രാം: ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ടു. പിതാവ് ദീപക് യാദവ് ആണ് 25 കാരിയായ രാധികയെ വെടിവച്ച് കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ വീട്ടിലെ ഒന്നാം നിലയില്‍ കിച്ചണില്‍ ഇരിക്കുമ്പോള്‍ ദീപക് യാദവ് മകളെ അഞ്ച് വട്ടം വെടിവെച്ചത്. മൂന്നു ബുള്ളറ്റുകള്‍ രാധികയുടെ നെഞ്ചില്‍ പതിച്ചു. വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദീപക് യാദവ്, രാധിക ടെന്നീസ് അക്കാദമി നടത്തുന്നതിനെതിരെ നിരന്തരം പ്രതിഷേധിച്ചിരുന്നു. നാട്ടുകാര്‍ ദീപകിനെ 'മകളുടെ വരുമാനത്തില്‍ ആശ്രയിച്ചിരിക്കുന്നവന്‍' എന്ന് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് സൂചനയുണ്ട്.
ദീപക് യാദവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവ സമയത്ത് രാധികയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. രാധിക അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനില്‍ ഡബിള്‌സ് വിഭാഗത്തില്‍ 113-ാം റാങ്കിലുള്ള താരം കൂടിയാണ്.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, രാധികയും ദീപകും തമ്മില്‍ അക്കാദമി പ്രവര്‍ത്തനത്തെക്കുറിച്ച് തര്‍ക്കം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.
കൊലപാതകത്തിനുപിന്നില്‍ സാമൂഹിക മാധ്യമങ്ങളില്‍ രാധിക പങ്കുവെച്ച ഒരു റീല്‍ കാരണമാകാമെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് ദീപകിന്റെ ലൈസന്‍സുള്ള റിവോള്‍വറാണ്.