'ഓപ്പറേഷൻ സിന്ദൂരിലെ ഹീറോ'; കൂടുതൽ റാഫേൽ വിമാനങ്ങൾക്കായി വ്യോമസേന, 3.25 ലക്ഷം കോടിയുടെ വമ്പൻ കരാർ അണിയറയിൽ

കരാര്‍ പ്രകാരം 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് എത്തിക്കും. ബാക്കിയുള്ളവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് പദ്ധതി.

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ റാഫേല്‍ യുദ്ധവിമാനങ്ങളെ പ്രകീര്‍ത്തിച്ച് വ്യോമസേനാ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ നാഗേഷ് കപൂര്‍.

Advertisment

റാഫേല്‍ വിമാനങ്ങള്‍ 'ഓപ്പറേഷന്‍ സിന്ദൂരിലെ ഹീറോ' ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരാനിരിക്കുന്ന വമ്പന്‍ പ്രതിരോധ കരാറിലൂടെ കൂടുതല്‍ അത്യാധുനിക യുദ്ധവിമാനങ്ങള്‍ സേനയുടെ ഭാഗമാകുമെന്ന സൂചനയും നല്‍കി.


114 മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള നടപടികള്‍ ഇന്ത്യ വേഗത്തിലാക്കുകയാണ്. ഇതില്‍ റാഫേല്‍ വിമാനങ്ങള്‍ക്കാണ് മുന്‍ഗണന. ഏകദേശം 3.25 ലക്ഷം കോടി രൂപ ചിലവ് വരുന്ന ഈ കരാര്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളില്‍ ഒന്നായിരിക്കും.

കരാര്‍ പ്രകാരം 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് എത്തിക്കും. ബാക്കിയുള്ളവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതില്‍ 60 ശതമാനത്തോളം തദ്ദേശീയമായ സാങ്കേതിക വിദ്യകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കും.


നിലവില്‍ വ്യോമസേനയ്ക്ക് അനുവദിക്കപ്പെട്ട 42 സ്‌ക്വാഡ്രണുകളില്‍ 29 എണ്ണം മാത്രമാണുള്ളത്. ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലെ വെല്ലുവിളികള്‍ കണക്കിലെടുത്ത് ഈ കുറവ് നികത്താന്‍ പുതിയ വിമാനങ്ങള്‍ അത്യന്താപേക്ഷിതമാണ്.


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി ഈ കരാറിന് പ്രാഥമിക അനുമതി നല്‍കിയേക്കും. ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് ഏവിയേഷന്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാകും വിമാനങ്ങള്‍ നിര്‍മ്മിക്കുക. 88 സിംഗിള്‍ സീറ്ററുകളും 26 ട്വിന്‍ സീറ്റര്‍ വിമാനങ്ങളുമാണ് വ്യോമസേന ലക്ഷ്യമിടുന്നത്.

Advertisment