ഡൽഹി: നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രി യെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പാടെ തകർന്നുവെന്നും വിദ്യാഭ്യാസ മാഫിയക്ക് മുന്നിൽ മോദി തീർത്തും നിസ്സഹായനായി മാറിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
പഠന കാലയളവിൽ തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സർക്കാരുമായി പൊരുതേണ്ട ഗതികേടിലാണ് രാജ്യത്തെ വിദ്യാർത്ഥികളെന്നും രാഹുൽ പറഞ്ഞു.
“ഇപ്പോൾ നീറ്റ് പിജിയും മാറ്റിവച്ചു! നരേന്ദ്രമോദിയുടെ ഭരണത്തിൽ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മറ്റൊരു ദൗർഭാഗ്യകരമായ ഉദാഹരണമാണിത്.
ബിജെപി ഭരണത്തിൽ, വിദ്യാർത്ഥികൾക്ക് തങ്ങളുടെ കരിയർ ഉണ്ടാക്കാൻ കഴിയുന്നില്ല, മറിച്ച് അവരുടെ ഭാവി സംരക്ഷിക്കാൻ സർക്കാരുമായി 'പൊരുതാൻ' ആണ് അവർ നിർബന്ധിതരാകുന്നത് " എക്‌സിൽ രാഹുൽ എഴുതി.
ഓരോ തവണയും നിശ്ശബ്ദമായി കാഴ്ചകൾ വീക്ഷിച്ചിരുന്ന മോദി, പേപ്പർ ചോർച്ച റാക്കറ്റിനും വിദ്യാഭ്യാസ മാഫിയയ്ക്കും മുന്നിൽ പൂർണ്ണമായും നിസ്സഹായനാണ്. നരേന്ദ്ര മോദിയുടെ കഴിവുകെട്ട സർക്കാർ വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണിയാണ് - അതിൽ നിന്ന് രാജ്യത്തിന്റെ ഭാവിയെ നമ്മൾ രക്ഷിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.