കോണ്‍ഗ്രസിന്റെ 'യുവരാജാവ്' ഒരു എംപിയെ രാജ്യദ്രോഹിയെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെ അങ്ങേയറ്റമാണ്‌. കോൺഗ്രസിന് സിഖുകാരോട് വിദ്വേഷം. ബിട്ടുവിനെ രാജ്യദ്രോഹിയെന്ന് വിളിച്ച രാഹുലിനെതിരെ രാജ്യസഭയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഒരു പൗരനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: രവനീത് സിംഗ് ബിട്ടുവിനെ രാജ്യദ്രോഹിയെന്ന് വിളിച്ച രാഹുലിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച പാര്‍ലമെന്റ് കവാടത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയും ബിട്ടുവും തമ്മിലുണ്ടായ തര്‍ക്കമാണ് പുതിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെച്ചത്.

Advertisment

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കുകയായിരുന്ന രാഹുല്‍ ഗാന്ധി, ബിട്ടുവിനെ ചൂണ്ടിക്കാട്ടി 'ഇതാ ഒരു രാജ്യദ്രോഹി കടന്നുപോകുന്നു' എന്ന് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായി രാഹുല്‍ 'രാജ്യത്തിന്റെ ശത്രു'വാണെന്ന് ബിട്ടുവും തിരിച്ചടിച്ചു.


ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന പ്രസംഗത്തില്‍ കടുത്ത ഭാഷയിലാണ് മോദി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ 'യുവരാജാവ്' ഒരു എംപിയെ രാജ്യദ്രോഹിയെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെ അങ്ങേയറ്റമാണ്. കോണ്‍ഗ്രസ് വിട്ടുപോയ മറ്റാരെയും അദ്ദേഹം ഇങ്ങനെ വിളിച്ചിട്ടില്ല. ബിട്ടു ഒരു സിഖുകാരനായത് കൊണ്ടാണ് ഇത്തരമൊരു അധിക്ഷേപം നടത്തിയത്. ഇത് സിഖ് സമൂഹത്തെയും ഗുരുക്കന്മാരെയും അപമാനിക്കുന്നതിന് തുല്യമാണ്.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച കുടുംബത്തിലെ അംഗമാണ് രവനീത് സിംഗ് ബിട്ടു. രാഷ്ട്രീയ പ്രത്യയശാസ്ത്രം മാറിയത് കൊണ്ട് മാത്രം ഒരാള്‍ എങ്ങനെയാണ് രാജ്യദ്രോഹിയാകുന്നത്?

ഒരു പൗരനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ജെഎന്‍യു വിഷയവും 'ഗരീബി ഹട്ടാവോ' പോലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണവും മോദി ഉന്നയിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി.


പഞ്ചാബില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്ന രവനീത് സിംഗ് ബിട്ടു ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നതും കേന്ദ്രമന്ത്രിയായതും.

Advertisment