രാഹുൽ ഗാന്ധി പരാജയപ്പെട്ട പാരമ്പര്യവാദി; കടന്നാക്രമിച്ച് ബിജെപി

തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ പോലും രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

New Update
Untitled

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭാരതീയ ജനതാ പാര്‍ട്ടി. രാഹുല്‍ ഗാന്ധി ഒരു 'പരാജയപ്പെട്ട പാരമ്പര്യവാദി' ആണെന്നും സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്കോ സഖ്യകക്ഷികള്‍ക്കോ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്നും ബിജെപി ആരോപിച്ചു.

Advertisment

അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ബിജെപി ആക്രമണം ശക്തമാക്കിയത്. തന്നെ അവഗണിക്കുന്നുവെന്നും അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു ബോറയുടെ രാജി.


കേരളത്തില്‍ പിണറായി വിജയന്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പരാമര്‍ശവും ബിജെപി ആയുധമാക്കി. അയ്യരുടെ വാക്കുകള്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ പോലും രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.


'രാഹുല്‍ ഗാന്ധിയില്‍ ആര്‍ക്കും വിശ്വാസമില്ല,' ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല എക്‌സില്‍ കുറിച്ചു. 'രാഹുലിനെ മാറ്റൂ, മമതയെ കൊണ്ടുവരൂ, ഇന്ത്യ സഖ്യത്തെ രക്ഷിക്കൂ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. രാഹുലിന് ജനപിന്തുണയോ സ്വന്തം പാര്‍ട്ടിക്കാരുടെ പിന്തുണയോ ഇല്ല. അദ്ദേഹം വെറുമൊരു പരാജയപ്പെട്ട പാരമ്പര്യവാദി മാത്രമാണ്,' പൂനവാല പരിഹസിച്ചു.


മണിശങ്കര്‍ അയ്യരെപ്പോലെയുള്ള ഉറച്ച കോണ്‍ഗ്രസ് അനുയായികള്‍ പോലും രാഹുലിനെ തള്ളിക്കളയുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും ആരോപിച്ചു. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിക്കുള്ളില്‍ നേരിടേണ്ടി വരുന്ന തിരസ്‌കരണമാണ് ഇതെല്ലാം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment