"ഇന്ത്യയെ പരിഹാസ്യപാത്രമാക്കി": എഐ സമ്മിറ്റിലെ ചൈനീസ് റോബോട്ട് വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

വിവാദം കടുത്തതോടെ സര്‍വകലാശാലയോട് സമ്മിറ്റില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

New Update
Untitled

ഡല്‍ഹി: ഗല്‍ഗോട്ടിയാസ് സര്‍വകലാശാല ചൈനീസ് നിര്‍മ്മിത റോബോട്ടിക് നായയെ സ്വന്തം കണ്ടുപിടുത്തമായി പ്രദര്‍ശിപ്പിച്ചത് ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Advertisment

ഡല്‍ഹിയില്‍ നടന്ന എഐ സമ്മിറ്റ് വെറുമൊരു 'അനസ്യൂതമായ പിആര്‍ മാമാങ്കം' മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.

'ഇന്ത്യയുടെ പ്രതിഭയെയും വിവരശേഖരത്തെയും പ്രയോജനപ്പെടുത്തുന്നതിന് പകരം, എഐ സമ്മിറ്റ് ഒരു പിആര്‍ അഭ്യാസമായി മാറി. ഇന്ത്യന്‍ വിവരങ്ങള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നു, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു,' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ കണ്ടുപിടുത്തങ്ങളായി ഭാരത് മണ്ഡപത്തില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് മാധ്യമങ്ങളില്‍ ഇന്ത്യയെ പരിഹാസ്യപാത്രമാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇത്തരം കള്ളത്തരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.


നോയിഡ ആസ്ഥാനമായുള്ള ഗല്‍ഗോട്ടിയാസ് സര്‍വകലാശാല, 2.3 ലക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭ്യമായ 'യൂണിട്രീ ഗോ2' എന്ന ചൈനീസ് റോബോട്ടിനെയാണ് 'ഓറിയോണ്‍' എന്ന പേരില്‍ തങ്ങള്‍ വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് പ്രദര്‍ശിപ്പിച്ചത്. സര്‍വകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമാണിതെന്നായിരുന്നു ഇവരുടെ അവകാശവാദം.


തങ്ങള്‍ ഇത് നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി എത്തിച്ചതാണെന്നും സര്‍വകലാശാല പിന്നീട് വിശദീകരിച്ചു. എന്നാല്‍, സമ്മിറ്റില്‍ ഇത് സ്വന്തം കണ്ടുപിടുത്തമായിട്ടാണ് അവതരിപ്പിച്ചതെന്ന് സോഷ്യല്‍ മീഡിയയിലെ 'കമ്മ്യൂണിറ്റി നോട്ട്' വഴി ഫാക്ട് ചെക്കര്‍മാര്‍ തെളിയിച്ചു.

വിവാദം കടുത്തതോടെ സര്‍വകലാശാലയോട് സമ്മിറ്റില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

Advertisment