/sathyam/media/media_files/2026/02/21/untitled-2026-02-21-10-12-02.jpg)
ഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെച്ചൊല്ലിയുള്ള വിവാദം മുറുകുന്നു. പ്രതിരോധ മന്ത്രാലയം അനുമതി നല്‍കാത്തതിനാലും പ്രസാധകര്‍ അച്ചടിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്നതുമായ ഈ പുസ്തകത്തിന്റെ ഒറിജിനല്‍ കോപ്പി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ പുസ്തകത്തിന്റെ ഒരു ഹാര്‍ഡ്ബൗണ്ട് കോപ്പി ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പുസ്തകം നിലവിലില്ലെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മറുപടി.
പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനയിലാണെന്നും തങ്ങള്‍ ഇതുവരെ പുസ്തകം അച്ചടിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വ്യക്തമാക്കി.
പ്രസാധകര്‍ അച്ചടിച്ചിട്ടില്ലെങ്കില്‍, മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എവിടെ നിന്ന് പുസ്തകം ലഭിച്ചു എന്നതാണ് പ്രധാന ചോദ്യം. പുസ്തകം വിദേശത്ത് ലഭ്യമാണെന്നാണ് രാഹുല്‍ ഇതിനോട് പ്രതികരിച്ചത്.
പ്രസാധകര്‍ അച്ചടിക്കാത്ത ഒരു പുസ്തകം എങ്ങനെ ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന നേതാവിന്റെ കൈവശമെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് ആഗോള ഇ-കൊമേഴ്സ് സൈറ്റുകളില്‍ ഈ പുസ്തകം പ്രീ-ഓര്‍ഡറിനായി ലിസ്റ്റ് ചെയ്യപ്പെട്ടത്. പുസ്തകത്തിന്റെ പി.ഡി.എഫ് ചോര്‍ന്നതില്‍ പ്രസാധകര്‍ പരാതി നല്‍കിയിട്ടുണ്ടോ.
2019 മുതല്‍ 2022 വരെ കരസേനാ മേധാവിയായിരുന്ന കാലത്തെ നിര്‍ണ്ണായക സംഭവങ്ങളാണ് നരവനെ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. ചൈനയുമായുള്ള ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷം, അഗ്‌നിപഥ് പദ്ധതി തുടങ്ങിയ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ പുസ്തകത്തിലുണ്ട്. ഇത് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് പ്രചരിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
വിശ്വാസവഞ്ചനയ്ക്കും രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനും ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുസ്തകത്തിന്റെ ഡിജിറ്റല്‍ ഫയലുകള്‍ ചോര്‍ന്നതിനെക്കുറിച്ചും രാഹുല്‍ ഗാന്ധിക്ക് ലഭിച്ച പുസ്തകത്തിന്റെ ഉറവിടത്തെക്കുറിച്ചുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us