'ഇന്ത്യയുടെ നിയന്ത്രണം ദുർബലമായ കൈകളിൽ'; യുദ്ധം പടിക്കൽ എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടോര്‍പ്പിഡോ ഉപയോഗിച്ച് ഒരു ശത്രുരാജ്യത്തിന്റെ കപ്പല്‍ തകര്‍ക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

Advertisment

രാജ്യം അതീവ ജാഗ്രത പാലിക്കേണ്ട ഘട്ടത്തില്‍, ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം പണയപ്പെടുത്തിയ ഒരു 'അപകടകാരിയായ' പ്രധാനമന്ത്രിയാണ് രാജ്യത്തെ നയിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.


'പശ്ചിമേഷ്യന്‍ യുദ്ധം നമ്മുടെ തൊട്ടടുത്ത് എത്തിയിരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ക്കപ്പെട്ടിട്ടും പ്രധാനമന്ത്രി ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല,' രാഹുല്‍ എക്‌സില്‍ കുറിച്ചു.


ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ 40 ശതമാനത്തിലധികം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. നിലവിലെ സാഹചര്യം എല്‍പിജി, എല്‍എന്‍ജി ഇറക്കുമതിയെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലോകം അസ്ഥിരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് രാജ്യത്തെ നയിക്കാന്‍ ശക്തമായ കൈകള്‍ വേണം. എന്നാല്‍ നമ്മുടെ തന്ത്രപരമായ കരുത്ത് അടിയറവ് വെച്ച ഒരു പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍ പരിഹസിച്ചു.


ഇന്ത്യ ആതിഥേയത്വം വഹിച്ച 'മിലാന്‍' നാവികാഭ്യാസത്തിന് ശേഷം മടങ്ങിയ ഇറാന്റെ ഐറിസ് ഡെന എന്ന യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം വെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.


രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടോര്‍പ്പിഡോ ഉപയോഗിച്ച് ഒരു ശത്രുരാജ്യത്തിന്റെ കപ്പല്‍ തകര്‍ക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു.

കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് 87 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 32 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയില്‍ യുദ്ധം രൂക്ഷമായത്. സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.

Advertisment