ഡല്‍ഹി: ഭരണഘടനയുടെ ധാര്‍മ്മികത സംരക്ഷിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ശക്തമായ ഉപകരണമാണ് ഭരണഘടനയെന്നും അത് കൂടുതല്‍ ശക്തമാകുമ്പോള്‍ രാജ്യം കൂടുതല്‍ ശക്തമാകുമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭരണഘടനയെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ അതിനോട് ആത്മാര്‍ത്ഥതയില്ലാത്ത പ്രതിബദ്ധത കാണിക്കുന്ന കാലത്ത്, അത് സംരക്ഷിക്കാനും അതിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ക്കായി പോരാടാനുമുള്ള നമ്മുടെ കടമ കൂടുതല്‍ പ്രസക്തമാകുമെന്നും ബിജെപിയെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ഭരണഘടനയില്‍ പ്രതിപാദിക്കുന്ന ഓരോ ചിന്തയും സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
'ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വര്‍ഷത്തിന് ഇന്ന് തുടക്കമായി. ഈ ചരിത്ര സന്ദര്‍ഭത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു,' കോണ്‍ഗ്രസ് അധ്യക്ഷന്‍ എക്സില്‍ കുറിച്ചു.
നമ്മുടെ പൂര്‍വ്വികര്‍ കഷ്ടപ്പെട്ട് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ജീവരക്തമാണ്. അത് നമുക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഇത് ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.