/sathyam/media/media_files/2025/09/01/rahul1-9-25-2025-09-01-20-04-47.webp)
ഡൽഹി:കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് രാഹുൽ ഗാന്ധി. 'വോട്ടർ അധികാർ യാത്ര'യുടെ സമാപന ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.
വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ, അതിലും വലിയ വെളിപ്പെടുത്തലുകൾ ഉടൻ പുറത്ത് വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
"അത് ഹൈഡ്രജൻ ബോംബ് പോലെയായിരിക്കും, ആറ്റം ബോംബിനെക്കാൾ പതിന്മടങ്ങ് ശക്തിയുള്ള വെളിപ്പെടുത്തൽ. അതിനു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിമുഖീകരിക്കാൻ പോലും കഴിയില്ല," എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
"ഭരണഘടനയെ ഇല്ലാതാക്കാൻ ബിജെപിയെ അനുവദിക്കില്ല. ഇതാണ് വോട്ടർ അധികാർ യാത്രയിൽ വ്യക്തമാക്കിയത്. വോട്ട് മോഷണം ജനങ്ങളുടെ അവകാശങ്ങളുടെ കവർച്ചയാണ്.
ജനാധിപത്യത്തെയും തൊഴിലിനെയും, ജനങ്ങളുടെ റേഷൻ കാർഡ് ഉൾപ്പെടെയുള്ള അടിസ്ഥാനാവകാശങ്ങളെയും ബിജെപി എടുത്ത് കളയാൻ ശ്രമിക്കുന്നു," എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബിഹാറിലെ വിപ്ലവ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള മണ്ണിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ ശക്തമായ മുന്നറിയിപ്പ് ഉയർന്നത്. "ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയും, വോട്ട് മോഷണത്തിന്റെ വ്യാപ്തി പുറത്തുവരും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.