ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഹരി വിപണി അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവും സ്ഥാനമൊഴിയുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയുമായ പിയൂഷ് ഗോയല്‍ രംഗത്ത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ തോല്‍വി താങ്ങാനാവാതെയാണ് കോണ്‍ഗ്രസ് എംപി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മന്ത്രിമാരുടെയും അഭിപ്രായങ്ങള്‍ വോട്ടെണ്ണലിന് മുമ്പ് ഓഹരി വിപണിയില്‍ കുതിച്ചുചാട്ടത്തിന് കാരണമായെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഓഹരി വിപണി തകരുകയും നിക്ഷേപകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഏറ്റവും വലിയ സ്റ്റോക്ക് മാര്‍ക്കറ്റ് കുംഭകോണമാണ് നടന്നതെന്ന് വിശേഷിപ്പിച്ച രാഹുല്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ തോല്‍വി രാഹുല്‍ ഗാന്ധി തരണം ചെയ്തിട്ടില്ലെന്ന് തോന്നുന്നുവെന്ന് ഗോയല്‍ പ്രതികരിച്ചു. വിപണി നിക്ഷേപകരെ കബളിപ്പിക്കാനാണ് രാഹുല്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ഇന്ന്, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇതെന്ന് ലോകം മുഴുവന്‍ അംഗീകരിക്കുന്നു. ഈ കാലയളവില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തിന് ഉറപ്പ് നല്‍കി.
എക്സിറ്റ് പോള്‍ ഫലങ്ങളെത്തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന നിരക്കില്‍ ഓഹരികള്‍ വാങ്ങിയപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ ലാഭം നേടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നും ഗോയല്‍ ആരോപിച്ചു.