ശ്രീനഗർ: ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് രാഹുൽ ഗാന്ധി ഇന്ന് തുടക്കം കുറിക്കും. അനന്ത്നാഗ്, റംബാൻ ജില്ലകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌താണ് പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുക.
കോൺഗ്രസ് ജനറൽ സെക്രട്ടറി ഭരത്‌സിങ് സോളങ്കി, ജമ്മു കശ്‌മീരിൻ്റെ കോൺഗ്രസ് മേധാവി താരിഖ് ഹമീദ് കർറ എന്നിവരും രാഹുൽ ഗാന്ധിയോടൊപ്പം റാലിയെ അഭിസംബോധന ചെയ്യും.
രാവിലെ ജമ്മു വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി റംബാനിലെ സംഗൽദാനിലേക്കാണ് ആദ്യം എത്തിയത്.
ജമ്മു ഡിവിഷനിലെ റംബാൻ ജില്ലയിലെ ബനിഹാൽ അസംബ്ലി സീറ്റിൻ്റെ ഭാഗമാണ് സംഗൽദാൻ. ജമ്മു കശ്‌മീരിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂൽ വാനിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.
സംഗൽദാനിൽ റാലിക്ക് ശേഷം അനന്ത്നാഗ് ജില്ലയിലെ ദൂരു നിയമസഭ മണ്ഡലത്തിലേക്ക് നീങ്ങുന്ന രാഹുൽ ഗാന്ധി പാർട്ടി സ്ഥാനാർഥി ഗുലാം അഹമ്മദ് മിറിന് വേണ്ടി പ്രചരണം നടത്തും.
വാനിക്കും മിറിനും പുറമെ മുതിർന്ന കോൺഗ്രസ് നേതാവ് പീർസാദ മുഹമ്മദ് സയീദും ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്.