ഡൽഹി: ലോക്സയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ മണിപ്പൂർ സന്ദർശനത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി തിങ്കളാഴ്ച മണിപ്പൂർ സന്ദർശിക്കുമെന്ന് പാർട്ടി അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിച്ച നടപടികൾ രാഹുൽ ആയുധമാക്കിയിരുന്നു.
മണിപ്പൂരിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസാണ് വിജയിച്ച് കയറിയത്. ഇതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണ് നടക്കുന്നത്.
വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിഷയങ്ങളിൽ കേന്ദ്രം ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ വിമർശിച്ചിരുന്നു.
സംസ്ഥാനത്ത് അക്രമം രൂക്ഷമായ മൂന്ന് ജില്ലകൾ അദ്ദേഹം സന്ദർശിക്കുകയും അക്രമം ബാധിച്ചവരെ കാണുകയും ചെയ്യും.
ഗവർണർ അനുസൂയ യുകെയെയും രാഹുൽ സന്ദർശിക്കും. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.