/sathyam/media/media_files/2025/09/29/pintu-2025-09-29-14-39-29.jpg)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതിന് കേരളത്തിലെ ബി.ജെ.പി. വക്താവ് പ്രിൻ്റു മഹാദേവിനെതിരെ പോലീസ് കേസെടുത്തു.
ഒരു സ്വകാര്യ വാർത്താ ചാനലിലെ ടി.വി. ചർച്ചയ്ക്കിടെയായിരുന്നു ഭീഷണി. ലാഡാക്കിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബി.ജെ.പി. വക്താവ് പ്രിൻ്റു മഹാദേവ് നടത്തിയ പരാമർശമാണ് വിവാദമായത്.
“ബംഗ്ലാദേശിലെ പ്രതിഷേധങ്ങളെപ്പോലെ ജനങ്ങൾ സർക്കാരിനൊപ്പമല്ലാത്ത സാഹചര്യമല്ലിത്. ഇന്ത്യയിൽ ജനങ്ങൾ നരേന്ദ്ര മോദി സർക്കാരിനൊപ്പം ശക്തമായി നിലകൊള്ളുന്നു. അതിനാൽ രാഹുൽ ഗാന്ധിക്ക് അത്തരമൊരു ആഗ്രഹമെങ്കിൽ, അദ്ദേഹത്തിന് നെഞ്ചിൽ വെടിയേൽക്കുമെന്നതിൽ സംശയമില്ല. ഇന്ത്യയിൽ ജെൻ സി പ്രൊട്ടസ്റ്റ് പോലുള്ളതൊന്നും ഉണ്ടാകില്ല.” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
ഈ വിഷയത്തിൽ മഹാദേവിനെതിരെ നടപടിയെടുക്കാൻ പരാജയപ്പെട്ടാൽ അത് രാഷ്ട്രീയ അക്രമങ്ങളെ സാധൂകരിക്കുന്നതിന് തുല്യമാവുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകി.
"രാഹുൽ ഗാന്ധിക്ക് നെഞ്ചിൽ വെടിയേൽക്കും" എന്ന് പ്രിൻ്റു മഹാദേവ് പരസ്യമായി പ്രഖ്യാപിച്ചതായി കെ.സി വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
ഇത് ഒരു നാക്ക് പിഴ അയോതിശയോക്തിയോ അല്ലെന്നും, ഈ വാക്കുകൾ രാഹുൽ ഗാന്ധിയുടെ ജീവന് അപകടമുണ്ടാക്കുകയും ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഭീഷണികളെക്കുറിച്ച് സി.ആർ.പി.എഫ്. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന കാര്യവും അദ്ദേഹം കത്തിൽ എടുത്തുപറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്ത് ദുരൂഹ സാഹചര്യത്തിൽ ചോർന്നതും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.