ഡല്‍ഹി: നായ നിരസിച്ച ബിസ്‌ക്കറ്റ് ഒരു പാർട്ടി പ്രവർത്തകന് വാഗ്ദാനം ചെയ്യുന്ന തരത്തിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി. തന്റെ പാർട്ടി പ്രവർത്തകരോട് രാഹുൽ ഇങ്ങനെയാണ് പെരുമാറുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായാണ് രാഹുൽ രംഗത്തെത്തിയത്.
തന്റെ കൈയിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നായക്ക് ഭക്ഷണം നൽകാൻ ഉടമയ്ക്ക് ബിസ്‌ക്കറ്റ് കൈമാറുകയാണ് താൻ ചെയ്തെന്നാണ് രാഹുലിന്റെ വിശദീകരണം. ബിജെപിക്ക് നായകളോടുള്ള അഭിനിവേശം തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ നായയെയും ഉടമയെയും വിളിച്ചു. നായ പരിഭ്രാന്തനായിരുന്നു, വിറക്കുകയും ചെയ്തിരുന്നു, ഞാൻ ഭക്ഷണം നൽകാൻ ശ്രമിച്ചപ്പോൾ നായ ഭയപ്പെട്ടു. അതിനാൽ, ഞാൻ നായയുടെ ഉടമയ്ക്ക് ബിസ്കറ്റ് നൽകി, നായ അത് അയാളിൽ നിന്നും വാങ്ങി കഴിക്കുകയും ചെയ്തു. അതിലെന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ” ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനത്തിനിടെ രാഹുൽ പറഞ്ഞു.
നായ നിരസിച്ച ബിസ്‌ക്കറ്റ് ഒരാൾക്ക് വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് രാഹുൽ തന്റെ പാർട്ടി പ്രവർത്തകരോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.ഭാരത് ജോഡോ ന്യായ് യാത്രയുടെ എക്‌സ് ഹാൻഡിലിൽ പങ്കിട്ട വീഡിയോയിൽ ഗാന്ധി ഒരു നായയ്ക്ക് ബിസ്‌ക്കറ്റ് നൽകുന്നത് കാണിക്കുന്നു.
പിന്നീട്, വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് പങ്കിട്ടു - നായ കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗാന്ധി ബിസ്‌ക്കറ്റ് കൊണ്ടുവന്നയാൾക്ക് കൈമാറുന്നത് വീഡിയോയിൽ കാണാം, ഇതാണ് ഒരു നായ നിരസിച്ച ബിസ്‌ക്കറ്റ് രാഹുൽ യഥാർത്ഥത്തിൽ 'ഒരു കോൺഗ്രസ് പ്രവർത്തകന്' വാഗ്ദാനം ചെയ്തുവെന്ന് ബിജെപി ആരോപിച്ചത്.