ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് കാലവര്‍ഷം. അസമും മണിപ്പൂരുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍. ഇതുവരെ, ഈ രണ്ട് സംസ്ഥാനങ്ങളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
അതേസമയം, മരണസംഖ്യയും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസമിലെ 21 ജില്ലകളിലായി ആറര ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കൂടാതെ, ഈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു.
അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, 21 ജില്ലകളിലായി 1,506 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. ഇതിനുപുറമെ, വിളകള്‍ക്കും നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ 511 ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
8,269 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 39,746 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്രഹ്‌മപുത്ര ഉള്‍പ്പെടെ ഏഴ് നദികള്‍ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഗുവാഹത്തിയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. ട്രാക്കുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തെക്കന്‍ അസമിലെ ചില ഭാഗങ്ങളില്‍ റെയില്‍ സര്‍വീസുകളെ ബാധിച്ചതായി നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ (എന്‍എഫ്ആര്‍) വക്താവ് പറഞ്ഞു.
ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും ചില ട്രെയിനുകള്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുകയോ അവയുടെ സമയം മാറ്റുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മണിപ്പൂരിലെ വെള്ളപ്പൊക്കത്തില്‍ 1.7 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തിലായി, ഒരാള്‍ മരിച്ചു.
വെള്ളപ്പൊക്കത്തില്‍ ഏകദേശം 36,000 വീടുകള്‍ വെള്ളത്തിനടിയിലായി, മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്നു, ആശയവിനിമയ സംവിധാനങ്ങള്‍ സ്തംഭിച്ചു.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മൂന്ന് പ്രധാന നദികളായ ഇംഫാല്‍, ഇറില്‍, കോങ്ബ എന്നിവ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. അരുണാചല്‍ പ്രദേശിലെ വെള്ളപ്പൊക്കം ബുധനാഴ്ചയും രൂക്ഷമായി തുടര്‍ന്നു.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തുടനീളം വീണ്ടും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളിലായി മൂവായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ മണ്‍സൂണ്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് കുറഞ്ഞത് 12 പേര്‍ മരിച്ചു, അതേസമയം കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ദിബാങ് വാലി, അഞ്ജ ജില്ലകളിലും മാഗി, സിജി എന്നിവയ്ക്ക് സമീപമുള്ള ലികാബാലി-അലോ ഹൈവേയിലും പുതിയ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് വാഹന ഗതാഗതം തടസ്സപ്പെടുത്തി. സംസ്ഥാനത്തെ നിരവധി പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
വടക്കന്‍ സിക്കിമില്‍ ഉണ്ടായ വിനാശകരമായ മണ്ണിടിച്ചില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ചിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇപ്പോള്‍ സൈന്യം നിതന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. മോശം കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും കാരണം പ്രദേശവാസികളെയും ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരികളെയും സൈന്യം സഹായിക്കുന്നു.
മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാച്ചെന്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായി ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈന്യം ഇവിടെ കാല്‍നട ഗതാഗതം സ്ഥാപിച്ചിട്ടുണ്ട്.