/sathyam/media/media_files/2025/08/20/images-37-2025-08-20-17-46-23.jpg)
മുംബൈ: മുംബൈയില്‍ മഴ തുടരുന്നു. വ്യാഴാഴ്ചയോടെ മുംബൈയില്‍ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. മഴയില്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും മെട്രോപൊളിറ്റന്‍ മേഖലയിലെ ടൗണ്‍ഷിപ്പുകളിലും വെള്ളക്കെട്ടുണ്ടായി.
മഴയില്‍ ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് പതിനേഴ് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി മുംബൈ സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഏത് സമയത്തും വിമാന സര്‍വീസുകള്‍ റദ്ദാക്കാനോ വഴിതിരിച്ചുവിടാനോ സാധ്യതയുണ്ടെന്നും ഫ്‌ലൈറ്റ് സ്റ്റാറ്റസ് യാത്രക്കാര്‍ നിരന്തരം പരിശോധിക്കണമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.
ചൊവ്വാഴ്ച മഹാരാഷ്ട്ര നാന്ദേഡില്‍ മേഘവിസ്ഫോടനത്തെതുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചു. കനത്തമഴയില്‍ മുംബൈ വെള്ളക്കെട്ടിലായി. മിതി നദി കരകവിഞ്ഞു. കാലാവസ്ഥ പ്രതികൂലമായതോടെ എട്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു.
നദി കരകവിഞ്ഞതിനാല്‍ കുര്‍ള പ്രദേശത്തുള്ള 350-ഓളം പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടന്നു.
ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.