/sathyam/media/media_files/2025/08/14/rain-delhi-2025-08-14-10-50-27.jpg)
ന്യൂഡൽഹി: വടക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ വ്യാപക നാശനഷ്ടം. തലസ്ഥാനമായ ഡൽഹിയിൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴ മുന്നറിയിപ്പ് ‘യെല്ലോ’യിൽ നിന്ന് ‘റെഡ്’ ആക്കി ഉയർത്തി. ഇന്ന് പുലർച്ചെ തുടങ്ങിയ മഴ വസന്ത് കുഞ്ച്, കൊന്നോട്ട് പ്ലേസ്, മഥുര റോഡ്, ആർ.കെ പുരം, മോട്ടി ബാഗ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളക്കെട്ടിലാക്കി. ഗതാഗതം പൂർണമായി താറുമാറായി.
ഉത്തരപ്രദേശിലെ ബറേലി, ലഖിംപൂർ, പിലിഭിത്, ബഹ്റൈച്ച്, ഗൊണ്ട, മഹാരാജ്‌ഗഞ്ച് അടക്കമുള്ള വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഭൂരിഭാഗം പടിഞ്ഞാറൻ യു.പി. ജില്ലകളിലും ചില കിഴക്കൻ ജില്ലകളിലും മഴയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയും വെള്ളക്കെട്ടും കാരണം ലഖ്നൗ ജില്ലയിൽ ഒന്നാം ക്ലാസ്സ് മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ലഖ്നൗയിലെ ഗോംതി നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി.
ഉത്തരാഖണ്ഡിൽ ഓഗസ്റ്റ് 5-ന് ധരാലിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇനിയും 43 പേർ കാണാതായതായി സർക്കാർ അറിയിച്ചു. ഹർഷിൽ മേഖലയിലെ 400-500 മീറ്റർ നീളമുള്ള താൽക്കാലിക തടാകം പൊട്ടി ഒഴുകാനുള്ള ഭീഷണിയുണ്ട്.
മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടെങ്കിലും ഇതുവരെ 78 പേരെ ഹെലികോപ്ടർ വഴി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ലിംചിഗാഡിൽ ബ്രോ ബെയ്ലി പാലം നിർമ്മിച്ച് ഹർഷിലിലേക്കുള്ള റോഡ് ബന്ധം പുനഃസ്ഥാപിച്ചു. കേദാർനാഥ് യാത്ര ഓഗസ്റ്റ് 12 മുതൽ 14 വരെ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
യു.പി.യിലെ മുറാദാബാദ് സമീപം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പൈപ്പ് ലൈൻ കേടായി. ഇതോടെ ഉത്തരാഖണ്ഡ് റുദ്രപുരിലെ സിഡ്കുൾ വ്യവസായ മേഖലയിൽ 50-ൽ അധികം ഫാക്ടറികൾക്ക് ഗ്യാസ് വിതരണം നിലച്ചു.
50 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പല യൂണിറ്റുകളും പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ടെന്നും വ്യവസായ സംഘടനകൾ അറിയിച്ചു.