/sathyam/media/media_files/2025/09/22/photos54-2025-09-22-19-52-19.png)
റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മദ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
തെലങ്കാനയിലെ കരിംനഗര്‍ ജില്ലയില്‍ നിന്നുള്ള രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കദ്രി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മരിച്ചത്.
സ്ഥലത്ത് നിന്ന് മൃതദേഹങ്ങളും ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ വനമേഖലകളില്‍ സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) അതിര്‍ത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത സംഘം ഇന്ന് പുലര്‍ച്ചെ തിരച്ചില്‍ ആരംഭിച്ചതിനെ തടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.