ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിൽ കടുത്ത ചുമയും നെഞ്ച് വേദനയുമായി 13 പേർ ഒരു മാസത്തിനകം മരണപ്പെട്ട സംഭവത്തിൽ ആശങ്കയെന്ന് റിപ്പോർട്ട്. മരണങ്ങളുടെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിലും പ്രദേശവാസികളിലും വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മരിച്ചവരിൽ ചിലർ വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് മരിച്ചതെന്ന് അധികൃതർ സൂചിപ്പിച്ചിരുന്നെങ്കിലും അവസാനത്തെ അഞ്ച് മരണങ്ങളിൽ രണ്ടെണ്ണത്തിന് ഇതുവരെ യാതൊരു വ്യക്തമായ കാരണവും കണ്ടെത്താനായിട്ടില്ല.
ഇതിനുമുമ്പ്, ജമ്മു കശ്മീരിലും രാജസ്ഥാനിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 ഡിസംബറിൽ ബാദൽ ജില്ലയിൽ 17 പേർ മരിച്ച സംഭവത്തിൽ കർശന നിയന്ത്രണങ്ങളും പരിശോധനകളും അധികൃതർ നടപ്പിലാക്കിയിരുന്നു.
സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയും, സുക്മ ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് രോഗം വ്യാപിച്ചത്. ഗ്രാമത്തിലെ മിക്ക വീട്ടുകളിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ ആരോഗ്യവിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.