റായ്പുർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ വിവാദ അറസ്റ്റിന് മുമ്പും രൂക്ഷമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ക്രിസ്ത്യൻ കൗൺസിൽ. ക്രൈസ്തവർക്കെതിരെ തീവ്ര ഹിന്ദുത്വ വിഭാഗത്തിന്റെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ വിനോദ് വ്യക്തമാക്കുന്നത്.
ബൈബിളുമായി പുറത്തിറങ്ങുന്ന കന്യാസ്ത്രീകൾക്കും സുവിശേഷ പ്രവർത്തകർക്കും അടി ഉറപ്പാണ്. കന്യാസ്ത്രീകൾ ധരിക്കുന്ന വേഷം കാണുമ്പോൾ വലിയ ഹാലിളക്കമാണുണ്ടാകുന്നത്. ക്രൈസ്തവർക്ക് പൊതു ഗതാഗതം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും എവിടെ നിന്നെങ്കിലും ഒരു വചനം പറഞ്ഞാൽ ക്രൈസ്തവ വിരോധികൾ കൂട്ടത്തോടെയെത്തി ക്രൂരമർദ്ദനം അഴിച്ചുവിടുമെന്നും വിനോദ് വ്യക്തമാക്കുന്നു.
25 വർഷമായി ഛത്തീസ്ഗഡിൽ സുവിശേഷ പ്രവർത്തനം നടത്തുന്നയാളാണ് താൻ. ക്രൈസ്തവ വിരോധികകൾ എന്ത് പറയുന്നോ അതാണ് പൊലീസ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഛത്തീസ്ഗഡ് സർക്കാർ പൊതു സ്ഥലങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ക്രൈസ്തവ വിരോധികകൾ എന്ത് കേസ് കൊടുത്താലും ക്രിസ്ത്യാനികളുടെ ഭാഗം പൊലീസ് മുഖവിലയ്‌ക്കെടുക്കില്ല.
ദുർഗ്ഗ് ജില്ലയിൽ മാത്രമല്ല ഛത്തീസ്ഗഡ് സംസ്ഥാനത്താകെ ഇത്തരം പ്രവർത്തികളാണ് നടക്കുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേസ്‌റ്റേഷനിൽ നിന്നും മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്.
/filters:format(webp)/sathyam/media/media_files/2025/07/29/images1483-2025-07-29-09-31-55.jpg)
കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. ഇരുവരും ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
കേസിൽ സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് എഫ്‌ഐആറിൽ പറയുന്നത്. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.