ഹണിമൂണിനിടെ കാണാതായ രാജ-സോനത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ഇരുവരെയും കണ്ടത് മേഘാലയയിലെ ഹോട്ടലിന് പുറത്ത്. യുവതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി

ഒരു വീഡിയോയില്‍, ദമ്പതികള്‍ ഇരുചക്രവാഹനത്തില്‍ ഷിപ്ര ഹോംസ്റ്റേയില്‍ എത്തുന്നത് കാണാം. രാജ വാഹനം പുറത്ത് പാര്‍ക്ക് ചെയ്യുന്നത് കാണാം

New Update
raja-raghuvanshi

മേഘാലയ:  കഴിഞ്ഞ മാസം മേഘാലയയില്‍ നിന്ന് കാണാതായ ഇന്‍ഡോര്‍ ദമ്പതികളുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ സംസ്ഥാന പോലീസ് പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

Advertisment

മെയ് 23 ന് രാജാ രഘുവംശിയും ഭാര്യ സോനവും ഹണിമൂണിനായി ഈസ്റ്റ് ഖാസി ഹില്‍സിലെ ചിറാപുഞ്ചിയിലേക്ക് പോയപ്പോഴാണ് കാണാതായത്. ദമ്പതികള്‍ ഒരു ദിവസം മുമ്പ് നോംഗ്രിയാറ്റില്‍ എത്തിയിരുന്നു. കാണാതായതിന്റെ ഒരു ദിവസത്തിന് ശേഷം അവര്‍ വാടകയ്ക്കെടുത്ത സ്‌കൂട്ടി സൊഹ്റാരിമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.


ജൂണ്‍ 2 ന്, റിയാറ്റ് അര്‍ലിയാങ്ങിലെ വീസഡോങ് പാര്‍ക്കിംഗ് സ്ഥലത്തിന് താഴെയുള്ള ആഴത്തിലുള്ള കുഴിയില്‍ നിന്ന് രാജയുടെ മൃതദേഹം ഡ്രോണിന്റെ സഹായത്തോടെ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സോനം എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണെന്ന് അവര്‍ പറഞ്ഞു.

യുവതിക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദമ്പതികളുടെ നീക്കങ്ങള്‍ കാണിക്കുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ സിസിടിവി ക്ലിപ്പും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.


ഒരു വീഡിയോയില്‍, ദമ്പതികള്‍ ഇരുചക്രവാഹനത്തില്‍ ഷിപ്ര ഹോംസ്റ്റേയില്‍ എത്തുന്നത് കാണാം. രാജ വാഹനം പുറത്ത് പാര്‍ക്ക് ചെയ്യുന്നത് കാണാം. തുടര്‍ന്ന് സോനം തന്റെ ജാക്കറ്റ് അഴിച്ചുമാറ്റുന്നതും ഭര്‍ത്താവ് അവള്‍ക്ക് എന്തോ കൈമാറുന്നതും കാണാം. യുവാവ് ഹോട്ടലിന്റെ വാതില്‍ക്കല്‍ ഇരിക്കുന്നതും കാണാം.


മറ്റൊരു ദൃശ്യത്തില്‍, ഹോംസ്റ്റേയുടെ റിസപ്ഷനില്‍ രാജ ചെക്ക് ഔട്ട് ചെയ്യുന്നത് കാണാം. അതേസമയം, സോനം പുറത്ത് സ്‌കൂട്ടിയില്‍ ഒറ്റയ്ക്ക് ഭര്‍ത്താവിനെ കാത്തിരിക്കുന്നത് കാണാം. ഷില്ലോങ്ങിലെ ഒരു ഹോട്ടലില്‍ ദമ്പതികള്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.

മേഘാലയ പോലീസിന്റെ ഒരു പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നുണ്ട്, അതേസമയം രാജയുടെ കുടുംബം കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.