ജയ്പൂര്‍: രാജസ്ഥാനിലെ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളെ ചൊല്ലി വലിയ വിവാദം. 'ആസാദി കെ ബാദ് കാ സ്വര്‍ണിം ഇതിഹാസ്' എന്ന പേരിലുള്ള ഈ പുസ്തകം 19,700 സ്‌കൂളുകളില്‍ ഏകദേശം അഞ്ച് ലക്ഷം പകര്‍പ്പുകള്‍ വിതരണം ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്.
പുസ്തകത്തില്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെയും കോണ്‍ഗ്രസ് സര്‍ക്കാരിലെ മറ്റ് പ്രധാനമന്ത്രിമാരെയും വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവര്‍ക്കും പുസ്തകത്തില്‍ പ്രാധാന്യമുണ്ട്. നിലവിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയ്ക്ക് പുസ്തകത്തില്‍ പ്രാധാന്യം നല്‍കിയിട്ടില്ല.
ബിജെപി നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ പുസ്തകം പഠിപ്പിക്കുന്നത് നിരോധിച്ചു. പുതിയ പുസ്തകങ്ങള്‍ അച്ചടിച്ച് സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
'ജനാധിപത്യത്തെ കൊലപ്പെടുത്തിയവരുടെ കഥകളാണ് ഈ പുസ്തകത്തില്‍,' എന്ന് മന്ത്രി വിമര്‍ശിച്ചു. വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. പുസ്തകത്തിന്റെ രചയിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.
ഈ വിവരങ്ങള്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസര പുസ്തകത്തില്‍ ശരിയായ വസ്തുതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
'കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണ്; ബിജെപി എപ്പോഴും ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്,' എന്നും അദ്ദേഹം പറഞ്ഞു.