Advertisment

'മോദി കി ഗ്യാരന്റി' എന്നാൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഗ്യാരന്റിയാണ്; ഞങ്ങൾക്ക് നേതാവിനെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാത്തതാണ് ഇതിനു കാരണം; മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തും, നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന്‌ രാജ്നാഥ് സിങ്

ഞങ്ങളുടെ കഴിവും പ്രവർത്തനവും അടിസ്ഥാനമാക്കിയാണ് ഇത്രയും സീറ്റ് ഞങ്ങൾ കണക്കാക്കിയത്. ഈ സംഖ്യ ഉപയോഗിച്ച് ഭാരതത്തെ ഞങ്ങൾ വികസിത രാജ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

New Update
modi Untitled33453.jpg

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 400 നു മുകളിൽ സീറ്റ് നേടുമെന്ന് വിശ്വസിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഞങ്ങളുടെ ഏകദേശ കണക്കാണിത്.

Advertisment

ഞങ്ങളുടെ കഴിവും പ്രവർത്തനവും അടിസ്ഥാനമാക്കിയാണ് ഇത്രയും സീറ്റ് ഞങ്ങൾ കണക്കാക്കിയത്. ഈ സംഖ്യ ഉപയോഗിച്ച് ഭാരതത്തെ ഞങ്ങൾ വികസിത രാജ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ രണ്ടു ഘട്ടത്തിലും വോട്ടിങ് ശതമാനം കുറഞ്ഞതിൽ ആശങ്ക ഇല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ''വോട്ടിങ് ശതമാനം തീരെ കുറവല്ല. 66-67 ശതമാനത്തിനടുത്താണ്. ഇന്ത്യ മുന്നണിയിൽ ആളുകൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി തോന്നുന്നു. പ്രതിപക്ഷത്തിന് അവരുടെ ആളുകളെ വോട്ടിങ്ങിന് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് തോന്നുന്നു.

തങ്ങളുടെ വോട്ട് പാഴായി പോകുമെന്ന് അവരുടെ പ്രവർത്തകർ കരുതുന്നു. പ്രതിപക്ഷം നെഗറ്റീവ് കാര്യങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്, ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഞങ്ങൾ അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്നാണ് അവർ പറയുന്നത്.

എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ 85 ഭരണഘടനാ ഭേദഗതികൾ കൊണ്ടുവന്നത് കോൺഗ്രസ് ഭരണത്തിലാണ്. അവർ ജനാധിപത്യത്തെ അട്ടിമറിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഭരണഘടനാ അസംബ്ലി മാസങ്ങളോളം ആമുഖം ചർച്ച ചെയ്തു.

ഇത് ഭരണഘടനയുടെ ആത്മാവാണ്, പക്ഷേ അവർ അതിനെയും മാറ്റി. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് ഇപ്പോൾ ഞങ്ങളെ കുറ്റം പറയുകയാണോ? ഞങ്ങൾ എന്താണ് ചെയ്തത്? ഞങ്ങൾ ജനാധിപത്യത്തെ തകർത്തുവെന്ന് അവർ പറയുന്നു, അവരാണ് അത് ചെയ്തത്.

ഞങ്ങളെ ജയിലിലടച്ചു,  18 മാസം ഞാൻ ജയിലിലായിരുന്നു, അതിൽ രണ്ട് മാസത്തിലധികം ഏകാന്തതടവിലായിരുന്നു. അമ്മയുടെ മരണത്തിനുപോലും എനിക്ക് പരോൾ ലഭിച്ചില്ല,'' രാജ്നാഥ് സിങ് പറഞ്ഞു.

കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കിംവദന്തികളും നുണകളും പ്രചരിപ്പിക്കുന്നു. 60 വർഷം അവർ ഭരിച്ചു. അവർ നടപ്പിലാക്കിയ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന്റെ ഒരു പദ്ധതി എന്നോട് പറയൂ... ചിലത് ഉണ്ടായിട്ടുണ്ടാകാം, പക്ഷേ അവ മതിയാകുമായിരുന്നില്ല.

ഞങ്ങളുടെ റെക്കോർഡ് നോക്കൂ - 10 വർഷം കൊണ്ട് 25 കോടി ജനങ്ങളെ ഞങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'മോദി കി ഗ്യാരന്റി' എന്ന ബിജെപിയുടെ മുദ്രാവാക്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''മോദി കി ഗ്യാരന്റി എന്നാൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഗ്യാരന്റിയാണ്. ഞങ്ങൾക്ക് നേതാവിനെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാത്തതാണ് ഇതിനു കാരണം.

മോദിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നും പാർലമെന്ററി ബോർഡിന്റെ തീരുമാനമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ അങ്ങനെ പറയുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വരും.

ആരായിരിക്കും പ്രധാനമന്ത്രി? അതിൽ ആശയക്കുഴപ്പമില്ല, ഞങ്ങൾ അത് ജനങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് മോദിയുടെ സർക്കാർ,''രാജ്നാഥ് സിങ് പറഞ്ഞു.

Advertisment