രാമനഗര: ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയെന്ന് കഥ മെനഞ്ഞ ഭര്‍ത്താവ് കുടുങ്ങി.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹുജഗല്‍ ഗ്രാമത്തില്‍ നിന്നുള്ള കിരണിന്‍റെ ഭാര്യ പൂജയെ കാണാതായിരുന്നു. ഭാര്യയുടെ തിരോധാനത്തില്‍ കിരണ്‍ പൊലീസില്‍ പരാതി നല്‍കി. തന്‍റെ ഭാര്യ പൂജ അവളുടെ കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് കിരണ്‍ അന്ന് എല്ലാവരോടും പറഞ്ഞത്.
2024 ഓഗസ്റ്റ് 12, കിരണിന്‍റെ സുഹൃത്ത് ഉമേഷിന്‍റെ ഭാര്യ ദിവ്യ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് വച്ച് കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ ശശാങ്ക്, രോഹിത്, ഭരത് എന്നിവരെ മഗഡി പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിന് പിന്നാലെ ഉമേഷും കിരണും നാടുവിട്ടത് സംശയത്തിന് ഇടയാക്കി.
സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കിരണ്‍ മഗഡി പൊലീസിന്‍റെ പിടിയിലായി. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കിരണിന്‍റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് ചോദിച്ചു. താന്‍ പൂജ എന്ന യുവതിയെ വിവാഹം കഴിച്ചതാണെന്നും തങ്ങള്‍ക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ടെന്നും കിരണ്‍ പൊലീസുകാരോട് പറഞ്ഞു.
തന്‍റെ ഭാര്യ അഞ്ച് കൊല്ലം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടി പോയതാണെന്നും അന്ന് താന്‍ പരാതി കൊടുത്തിരുന്നു എന്നും അയാള്‍ പറയുകയുണ്ടായി.
കിരണ്‍ നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയെ കുറിച്ച് പൊലീസ് സ്റ്റേഷനിലും കിരണിന്‍റെ സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. പൂജ കാമുകനൊപ്പം പോയെന്നാണ് കിരണ്‍ പറഞ്ഞതെന്ന് അയാളുടെ ഭാര്യാമാതാവും പൊലീസിനോട് പറഞ്ഞു.
സംശയം തോന്നിയ പൊലീസ് കിരണിനെ കൂടുതല്‍ ചോദ്യം ചെയ്‌തു. പിന്നാലെയാണ് അഞ്ച് വര്‍ഷം മുന്‍പ് നടന്ന അരുംകൊലയുടെ ചുരുളഴിഞ്ഞത്.
പൂജയെ സംശയമായിരുന്നു കിരണിന്. ഇതേച്ചൊല്ലി വഴക്കുകള്‍ പതിവായിരുന്നു. അത്തരമൊരു വഴക്കിനിടെയാണ് കിരണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മഗഡിയിലെ ഹൂജല്‍ ഫോറസ്റ്റ് ഏരിയയില്‍ എത്തിച്ച് മൃതദേഹം കുഴിച്ചുമൂടി.
പൊലീസ് ഒരുനാള്‍ തന്നെ പിടികൂടുമെന്ന് ഭയന്ന കിരണ്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് കത്തിക്കുകയായിരുന്നു.
പിന്നാലെ ഇയാള്‍ തന്‍റെ ഭാര്യ കാമുകനൊപ്പം പോയെന്ന് പറഞ്ഞുപറത്തി. പൊലീസില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എല്ലാവരേയും പറഞ്ഞ് വിശ്വസിപ്പിച്ചു. അതോടെ പൂജയെ ആരും തിരക്കാതെയായി.
കിരണിന്‍റെ കുറ്റസമ്മതത്തിന് പിന്നാലെ സംഭവ സ്ഥലത്തെത്തിയ പൊലീസ് പൂജയുടേതെന്ന് കരുതുന്ന എല്ലുകളും നഖങ്ങളും കണ്ടെത്തി. ഇവ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കിരണിന്‍റെ പേരില്‍ മഗഡി പൊലീസ് കൊലപാത കേസ് രജിസറ്റര്‍ ചെയ്‌തു.