അയോധ്യയ്ക്ക് അപൂർവ്വ സമ്മാനം: 233 വർഷം പഴക്കമുള്ള രാമായണ കൈയെഴുത്തുപ്രതി രാമകഥാ മ്യൂസിയത്തിന് കൈമാറി

'വാല്മീകി രാമായണം തത്വദീപികാ ടീക'യുടെ ഈ വിശിഷ്ട പതിപ്പ് പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയ്ക്ക് കൈമാറി

New Update
Untitled

അയോധ്യ: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തില്‍ നിര്‍ണ്ണായക നാഴികക്കല്ലായി, 233 വര്‍ഷം പഴക്കമുള്ള വാല്മീകി രാമായണത്തിന്റെ അപൂര്‍വ്വമായ സംസ്‌കൃത കൈയെഴുത്തുപ്രതി ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള രാമകഥാ മ്യൂസിയത്തിന് കൈമാറി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഈ സുപ്രധാന വിവരം അറിയിച്ചത്.

Advertisment

'വാല്മീകി രാമായണം തത്വദീപികാ ടീക'യുടെ ഈ വിശിഷ്ട പതിപ്പ് പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയ്ക്ക് കൈമാറി. ആദികവി വാല്മീകി രചിച്ച രാമായണത്തിന് മഹേശ്വര തീര്‍ത്ഥര്‍ എഴുതിയ ശാസ്ത്രീയ വ്യാഖ്യാനവും ഉള്‍പ്പെട്ടതാണ് ഈ കൃതി. ദേവനാഗരി ലിപിയില്‍ സംസ്‌കൃതത്തിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്.


1792-ല്‍ രചിക്കപ്പെട്ട ചരിത്രരേഖ

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വിക്രമ സംവത് 1849-ല്‍ (അതായത് എ.ഡി. 1792-ല്‍) തയ്യാറാക്കപ്പെട്ടതാണ് ഈ കൈയെഴുത്തുപ്രതി.

ഇതിഹാസത്തിലെ അഞ്ച് പ്രധാന കാണ്ഡങ്ങള്‍ (ബാലകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം) ഇതില്‍ ഉള്‍ക്കൊള്ളുന്നു. രാമായണത്തിന്റെ ദാര്‍ശനികവും ആഖ്യാനപരവുമായ ആഴം പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ഒരു രേഖയായാണ് ഇതിനെ കണക്കാക്കുന്നത്.

രാഷ്ട്രപതി ഭവനില്‍ നിന്ന് അയോധ്യയിലേക്ക്


നേരത്തെ ഈ പുരാതന കൈയെഴുത്തുപ്രതി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ ഇത് സ്ഥിരമായി അയോധ്യയിലെ അന്താരാഷ്ട്ര രാമകഥാ സംഗ്രഹാലയത്തിന് വിട്ടുനല്‍കുകയായിരുന്നു. ഇതോടെ, രാമായണ പഠനത്തിന്റെ ആഗോള കേന്ദ്രമായി ഈ മ്യൂസിയം മാറുമെന്നും പൊതുജനങ്ങള്‍ക്ക് ഈ വിശിഷ്ട ഗ്രന്ഥം നേരില്‍ കാണാന്‍ അവസരമൊരുങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.


സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ല്

'ഈ സമ്മാനം വാല്മീകി രാമായണത്തിലെ അഗാധമായ ജ്ഞാനത്തെ ശാശ്വതമാക്കുന്നു, ലോകമെമ്പാടുമുള്ള പണ്ഡിതന്മാര്‍ക്കും ഭക്തര്‍ക്കും ഇത് അയോധ്യയില്‍ ലഭ്യമാകും,' എന്ന് സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ശ്രീനിവാസ വരഖേഡി പറഞ്ഞു. 

Advertisment